ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയെ ഇന്നറിയാം; രാവിലെ 10 മുതല്‍ വോട്ടെടുപ്പ്




ന്യൂഡല്‍ഹി : ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. ഭരണകക്ഷിയായ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായി മഹാരാഷ്ട്ര ഗവര്‍ണര്‍ സി പി രാധാകൃഷ്ണനും (67) പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥിയായി സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി (79) യുമാണ് മത്സരിക്കുന്നത്.

രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെ പാര്‍ലമെന്റ് മന്ദിരത്തിലെ എഫ്- 101 മുറിയിലാണ് വോട്ടെടുപ്പ്. ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. നോമിനേറ്റഡ് അംഗങ്ങള്‍ക്കും വോട്ടവകാശമുണ്ട്. രഹസ്യബാലറ്റിലൂടെയാണ് വോട്ടിങ്ങ്. വോട്ടെടുപ്പ് അവസാനിച്ചശേഷം വൈകീട്ട് ആറു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും.

നിലവില്‍ 781 അംഗങ്ങളാണ് ആകെയുള്ളത്. ഇതില്‍ 391 വോട്ടു നേടുന്നയാള്‍ ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയാകും. രാജ്യസഭയില്‍ 7 അംഗങ്ങളുള്ള ബിജെഡിയും 4 എംപിമാരുള്ള ബിആര്‍എസും ഒരു അംഗമുള്ള അകാലിദളും വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഭരണകക്ഷിയായ എന്‍ഡിഎയ്ക്ക് ഇരുസഭകളിലുമായി 427 അംഗങ്ങളുണ്ട്. എന്നാല്‍ രഹസ്യ ബാലറ്റ് പ്രകാരമുള്ള വോട്ടെടുപ്പില്‍, എംപിമാര്‍ക്ക് പാര്‍ട്ടി ലൈന്‍ മറികടന്ന് വോട്ടു ചെയ്യാനാകും. ഇത്തരം ക്രോസ് വോട്ടിങ്ങിലാണ് പ്രതിപക്ഷം പ്രതീക്ഷയര്‍പ്പിക്കുന്നത്. കഴിഞ്ഞ തവണ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന ജഗ്ദീപ് ധന്‍കര്‍ക്ക് ക്രോസ് വോട്ടിങ്ങിലൂടെ കൂടുതല്‍ വോട്ടു ലഭിച്ചിരുന്നു.

പ്രതിപക്ഷത്തിന്, അതായത് കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യാ സഖ്യത്തിന്, ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡിയെ പിന്തുണയ്ക്കുന്ന 12 ആം ആദ്മി പാര്‍ട്ടി എംപിമാരെ ഉള്‍പ്പെടുത്താതെ 315 വോട്ടുകള്‍ മാത്രമേയുള്ളൂ. എഎപിയില്‍ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന രാജ്യസഭാ എംപി സ്വാതി മാലിവാള്‍ പാര്‍ട്ടി തീരുമാനത്തിനൊപ്പം നില്‍ക്കാനിടയില്ല. ഉപരാഷ്ട്രപതി പദവിയില്‍ രണ്ടുവര്‍ഷം ശേഷിക്കെ, ജഗ്ദീപ് ധന്‍കര്‍ അപ്രതീക്ഷിതമായി രാജിവെച്ചതിനെ തുടര്‍ന്നാണ് വോട്ടെടുപ്പ് വേണ്ടി വന്നത്.
Previous Post Next Post