കോട്ടയം: കുതിച്ചുയര്‍ന്ന ചിക്കന്‍ വിലയ്‌ക്കു നേരിയ കുറവ്, ഹോട്ടലുകാര്‍ക്കും തട്ടുകടക്കാര്‍ക്കും ആശ്വാസം. ഓരോ ദിവസവും നാലും അഞ്ചും രൂപ വീതം വര്‍ധിച്ച് കഴിഞ്ഞ ദിവസം കോട്ടയത്ത് ഒരു കിലോ ഇറച്ചിക്കോഴിയുടെ ചില്ലറ വില 159 രൂപ വരെ എത്തിയിരുന്നു, എന്നാല്‍ ഇന്നലെ വില 139 രൂപയിലേക്കു താഴ്‌ന്നിട്ടുണ്ട്.
115- 120 രൂപയില്‍ നിന്നാണ് രണ്ടാഴ്‌ച കൊണ്ടു വില കുതിച്ചു കയറിയത്. വില കൂടിയതോടെ വില്‍പ്പനയില്‍ 50 ശതമാനത്തിന്റെ കുറവുണ്ടാകുകയും ചെയ്‌തിരുന്നു.
കോഴികളുടെ ഉത്‌പാദനത്തിലുണ്ടായ കുറവാണു വില വര്‍ധനവിനു കാരണമായി പറയുന്നത്. ഓണ സീസണില്‍ പതിവിനു വിപരീതമായി ചിക്കന്‍ വില്‍പ്പന കുതിച്ചിരുന്നു. മഴക്കാലം നീണ്ടു നിന്നതിനാല്‍ ഇത്തവണ ഓഗസ്‌റ്റില്‍ പുതിയ കോഴികളെ വളര്‍ത്തുന്നതു കര്‍ഷകര്‍ കുറച്ചിരുന്നു. മഴയത്തെത്തുടര്‍ന്നുള്ള തണുപ്പ് ഉള്‍പ്പെടെയുള്ള കാരണങ്ങളായിരുന്നു കാരണം. ഓണത്തിനൊപ്പം കല്യാണം, വീടിന്റെ പാലുകാച്ചല്‍ ഉള്‍പ്പെടെയുള്ള ആഘോഷങ്ങളുടെയും കാലമായതിനാല്‍ ചിക്കന്റെ ഡിമാന്റേറി. പിന്നാലെ, ക്ഷാമം അനുഭവപ്പെടുകയായിരുന്നു.
നിലവില്‍, ജില്ലയിലെ കടകകളിലെത്തുന്ന ചരക്കിന്റെ ഭൂരിഭാഗവും ജില്ലയിലെയും സമീപ ജില്ലകളിലെയും കര്‍ഷകര്‍ ഉത്‌പാദിപ്പിക്കുന്നതാണ്. സാധാരണ രീതി അനുസരിച്ച്, ചിങ്ങം അവസാനിക്കുമ്ബോള്‍ വില 100 രൂപയിലേക്ക് എത്തേണ്ടതായിരുന്നുവെന്നു വ്യാപാരികള്‍ പറയുന്നു.
മുന്‍ മാസങ്ങളില്‍ വളര്‍ത്തുന്നവര്‍ക്കു ഒരു കിലോയ്‌ക്ക് 10 രൂപ പോലും ലഭിക്കാത്ത സാഹചര്യമായിരുന്നു. അവസരം വന്നപ്പോള്‍, വളര്‍ത്തുന്നവര്‍ മനപൂര്‍വം വിലയില്‍ ചാഞ്ചാട്ടം വരുത്തുകയാണെന്നു വ്യാപാരികള്‍ക്ക് ആക്ഷേപമുണ്ട്.എന്നാല്‍, ഈ വിലയ്‌ക്കു പോലും കാര്യമായ ലാഭമില്ലെന്നു കര്‍ഷകര്‍ പറയുന്നു. കോഴിക്കുഞ്ഞിനെ വളര്‍ത്തി ഒരു കിലോ തൂക്കത്തിലെത്തിക്കാന്‍ 90 രൂപ ചെലവാകുമെന്നു കര്‍ഷകര്‍ പറയുന്നു.
കോഴിത്തീറ്റയുടെയും കോഴിക്കുഞ്ഞുങ്ങളുടെയും വില അനുദിനം കുതിയ്‌ക്കുകയാണ്. കോഴിത്തീറ്റ 50 കിലോ ചാക്കിന്റെ വില അടുത്തയിടെയും 90 രൂപ വര്‍ധിച്ചു.22- 23 രൂപയായിരുന്ന കോഴിക്കുഞ്ഞുങ്ങളുടെ വില 40 രൂപയില്‍ എത്തി. വൈദ്യുതി, അറക്കപ്പൊടി എന്നിവയുടെ ചെലവും കൂടിയാകുമ്ബോള്‍ ആഘാതം പിന്നെയും വര്‍ധിക്കും.
ഇതിനു പുറമേ ഓരോ ബാച്ചിലും നിരവധി എണ്ണം ചാകും. മാത്രമല്ല, കോഴിഫാമുകളുടെ അശാസ്‌ത്രീയ രീതിയിലുള്ള നികുതി നിര്‍ണയവും തിരിച്ചടിയാണെന്നു കര്‍ഷകര്‍ പറയുന്നു. ഇവയ്‌ക്കെല്ലാം ഒപ്പം സ്വന്തം പ്രയത്നത്തിന്റെ ചെലവു കൂടി കണക്കാക്കിയാല്‍ എക്കാലവും ഇറച്ചിക്കോഴി വില 150 രൂപയ്‌ക്കു മുകളിലായാല്‍ മാത്രമേ ലാഭമുള്ളൂവെന്നു കര്‍ഷകര്‍ പറയുന്നു.