ഗൊരഖ്പുർ: ഹനുമാൻ ക്ഷേത്രത്തിൽ പ്രാർഥിച്ചു കൊണ്ടിരുന്ന ഭക്തയുടെ നേരെ ഇറച്ചിക്കഷ്ണം കൊണ്ടെറിഞ്ഞതായി പരാതി. ഉത്തർപ്രദേശിലെ ഗൊരഖ്പുരിലാണ് സംഭവം. പരാതി ലഭിച്ചതിനെത്തുടർന്ന് 35കാരനായ ഉമേഷ് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ പിപ്രൈച്ചിന്‍റെ സങ്കട് മോചൻ ഹനുമാൻ ക്ഷേത്രത്തിലാണ് സംഭവം. ആരതി നടത്തിക്കൊണ്ടിരിക്കേയാണ് സ്ത്രീക്കു നേരെ ഇറച്ചിക്കഷ്ണം കൊണ്ടെറിഞ്ഞത്.
ഇത് ഭക്തരെ പരിഭ്രാന്തരാക്കി. ക്ഷേത്ര പരിസരത്തുണ്ടായിരുന്നവർ പ്രതിയെ പിടി കൂടി മർദിച്ചതിനു ശേഷമാണ് പൊലീസിനു കൈമാറിയത്. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രതി മൊഴി മാറ്റിപ്പറഞ്ഞു കൊണ്ടിരിക്കുകയാണെന്നും ഒരു തവണ പ്രാദേശിക ഇറച്ചിക്കടക്കാരൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഇറച്ചി കൊണ്ടെറിഞ്ഞതെന്ന് മൊഴി നൽകിയെന്നും സർക്കിൾ ഓഫിസർ അനുരാഗ് സിങ് പറയുന്നു.
ഗൂഢാലോചന നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പൊലീസ് സ്റ്റേഷൻ വളഞ്ഞു. നടപടി ഉറപ്പു നൽകിയതിനെത്തുടർന്നാണ് നാട്ടുകാർ പിരിഞ്ഞു പോയത്.