ശബരിമലയിലെ പ്രധാന വഴിപാടുകൾ
തങ്ക അങ്കി: 1973-ൽ തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ സമർപ്പിച്ച 420 പവൻ തൂക്കമുള്ള തങ്ക അങ്കിയാണ് ശബരിമലയിലെ ഏറ്റവും മൂല്യമേറിയ വഴിപാടുകളിലൊന്ന്. എല്ലാ വർഷവും മണ്ഡലപൂജയ്ക്ക് ഇത് ആറന്മുളയിൽനിന്ന് ഘോഷയാത്രയായി സന്നിധാനത്ത് എത്തിച്ച് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്താറുണ്ട്.
സ്വർണ്ണക്കിണ്ടി: 2013 ഡിസംബറിൽ തമിഴ്‌നാട് ചിദംബരം സ്വദേശി കെ. വൈദ്യനാഥൻ 75 പവൻ തൂക്കമുള്ള സ്വർണ്ണക്കിണ്ടി നടയ്ക്ക് സമർപ്പിച്ചു.
സ്വർണ്ണമാല: 2022-ൽ തിരുവനന്തപുരത്തുള്ള ഒരു ഭക്തൻ 107.75 പവൻ തൂക്കമുള്ള സ്വർണ്ണമാല സമർപ്പിച്ചു.
സ്വർണ്ണക്കിരീടം: അതേ വർഷം തന്നെ ആന്ധ്രാപ്രദേശിൽനിന്നുള്ള മാറം വെങ്കട്ട സുബ്ബയ്യ അരക്കിലോ ഭാരമുള്ള സ്വർണ്ണക്കിരീടം വഴിപാടായി നൽകി. ഇതിൽ വജ്രക്കല്ലുകൾ പതിച്ചിരുന്നു.
മറ്റ് സമർപ്പണങ്ങൾ: 1991-ൽ മധുരയിലെ മണികണ്ഠശാസ്താ ട്രസ്റ്റ് സെക്രട്ടറി ടി. രാജഗോപാൽ 27 പവന്റെ മാലയും, 2020-ൽ ബെംഗളൂരു സ്വദേശി പപ്പുസ്വാമി 23 പവന്റെ സ്വർണ്ണ നെക്ലസും സമർപ്പിച്ചു.
ശ്രീകോവിൽ സ്വർണ്ണം പൂശിയത് വിജയ് മല്യ
ശബരിമലയിലെ സമീപകാലത്തെ ഏറ്റവും വലിയ വഴിപാടുകളിലൊന്ന് വ്യവസായി വിജയ് മല്യയുടേതാണ്. 1998-ൽ അദ്ദേഹത്തിന്റെ യുബി ഗ്രൂപ്പ് 30.3 കിലോ സ്വർണ്ണം ഉപയോഗിച്ച് ശ്രീകോവിൽ സ്വർണ്ണം പൂശി നൽകി. ശ്രീകോവിലിന്റെ നാല് നാഗരൂപങ്ങൾ, മേൽക്കൂര, അയ്യപ്പചരിതം എഴുതിയ തകിടുകൾ, രണ്ട് കമാനങ്ങൾ, കാണിക്കവഞ്ചി, മൂന്ന് കലശക്കുടങ്ങൾ, ദ്വാരപാലക ശില്പങ്ങൾ, തൂണുകൾ, ആനകളുടെ പ്രതിമകൾ, പ്രധാന കവാടം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. തമിഴ്നാട്ടിൽനിന്നുള്ള 42 തൊഴിലാളികൾ നാല് മാസത്തോളം വ്രതമെടുത്ത് സന്നിധാനത്ത് താമസിച്ച് ഈ പണി പൂർത്തിയാക്കി.
ശബരിമലയിൽ സ്ട്രോങ് റൂം ഉണ്ടെങ്കിലും, വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുന്നത് ആറന്മുളയിലെ സ്ട്രോങ് റൂമിലാണ്.