
സിന്തറ്റിക് മയക്കുമരുന്നുകളുമായി യുവഡോക്ടര്‍ പിടിയില്‍. പറവൂര്‍ വടക്കേക്കര സ്വദേശി അംജദ് അഹ്സാന്‍ (31) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 0.83 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തയായി കൊച്ചി സിറ്റി ഡാന്‍സാഫ് സ്‌ക്വാഡ് അറിയിച്ചു. ലഹരിമരുന്ന് ഉപയോഗിക്കുന്ന അംജദ് ഒരു മാസത്തിലേറെയായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. മയക്കുമരുന്നു കൈമാറുന്നതിനിടെ ശ്രമിക്കുന്നതിനിടെ പുല്ലേപ്പടിയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നാര്‍ക്കോട്ടിക് എസിപി കെ എ അബ്ദുള്‍ സലാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇയാളെ അറസ്റ്റ് നടത്തിയത്.
ഒരു ഗ്രാമില്‍ താഴെ മാത്രമുള്ള ലഹരിമരുന്ന് കണ്ടെത്തിയതിനാല്‍ എന്‍ഡിപിഎസ് ആക്ട് പ്രകാരം സ്റ്റേഷന്‍ ജാമ്യം ലഭിക്കും. എന്നാല്‍ പ്രതി ഒരു മെഡിക്കല്‍ പ്രൊഫഷണലായതിനാല്‍ കേസിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്നും എറണാകുളം നോര്‍ത്ത് പൊലീസ് പറഞ്ഞു. ചില ഡോക്ടര്‍മാരുടെയും ആശുപത്രി ജീവനക്കാരുടെയും ഇടയില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി വിവരമുണ്ടെന്നും എന്നാല്‍ തിരക്കേറിയ ആരോഗ്യ കേന്ദ്രങ്ങളില്‍ ഇത്തരം മയക്കുമരുന്ന് ശൃംഖലകള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടെത്തുക വെല്ലുവിളി നിറഞ്ഞതാണെന്നും പൊലീസ് പറഞ്ഞു.