കാര്യമെന്തെന്ന് പറയാതെ നാലഞ്ച് പേർ വളഞ്ഞിട്ട് തല്ലി’.. വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പൊതുപ്രവർത്തകന്റെ പരാതി..




വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പൊതുപ്രവര്‍ത്തകന്റെ പരാതി. നിലമ്പൂര്‍ അകമ്പാടം സ്വദേശി ബൈജു ആന്‍ഡ്രൂസാണ് പരാതിക്കാരന്‍. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതി ചേര്‍ത്ത് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി. 2020ലാണ് സംഭവം. കാര്യം എന്തെന്ന് പോലും പറയാതെ നാലഞ്ചുപേര്‍ വളഞ്ഞിട്ട് തല്ലിയെന്നും കെട്ടിയിട്ട് മര്‍ദ്ദിച്ചെന്നും ബൈജു പറഞ്ഞു.

മര്‍ദ്ദനമേറ്റതില്‍ പിന്നെ നിത്യരോഗിയായെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് കാലമായതുകൊണ്ട് കോടതി ഓണ്‍ലൈന്‍ ആയിരുന്നുവെന്നും പേടികൊണ്ട് മര്‍ദ്ദിച്ചത് കോടതിയില്‍ പറഞ്ഞില്ലെന്നും ബൈജു കൂട്ടിച്ചേര്‍ത്തു. കുന്നംകുളത്തെ സംഭവമാണ് തുറന്നു പറയാന്‍ ധൈര്യം തന്നത്. മര്‍ദ്ദനത്തിനെതിരെ മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും പരാതി നല്‍കുമെന്ന് ബൈജു വ്യക്തമാക്കി.

കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ പൊലീസ് മര്‍ദ്ദനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ വ്യാപകമായി നടക്കുകയാണ്. ഇതിനിടയിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥരും ക്രൂരമായി മര്‍ദ്ദിച്ചെന്ന് ആരോപിച്ച് ബൈജു രംഗത്തെത്തിയിരിക്കുന്നത്.

കുന്നംകുളം സംഭവത്തിന് പിന്നാലെ പീച്ചി സ്റ്റേഷനില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച വിഷയവും പുറത്തുവന്നിരുന്നു. പിന്നാലെ പൊലീസ് മര്‍ദ്ദിച്ചെന്ന ആരോപണവുമായി കോഴിക്കോട്ടെ പ്രാദേശിക മുസ്ലിം ലീഗ് നേതാവ് മാമുക്കോയയും രംഗത്തെത്തിയിരുന്നു. നിലവില്‍ കസ്റ്റഡി മര്‍ദ്ദനത്തില്‍ വ്യാപക വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും നടക്കുകയാണ്.

Previous Post Next Post