ഷാർജയിൽ മലയാളി യുവതിയും മകളും മരിച്ച സംഭവം: പ്രതിക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു കേരള പോലീസ്

ഷാർജയിൽ മലയാളി യുവതി വിപഞ്ചിക മണിയൻ മകൾ ഒന്നര വയസുകാരി വൈഭവി എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിപഞ്ചികയുടെ ഭർത്താവ് നിതീഷ് മോഹനെ കണ്ടെത്താൻ കേരള പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. യുഎഇയിൽ താമസിക്കുന്ന ഇയാളെ ചോദ്യം ചെയ്യുന്നതിനു കേരളത്തിലെത്തിക്കാനാണ് നീക്കം.

കഴിഞ്ഞ ജൂലൈ എട്ടിനാണ് ഷാർജയിലെ അൽ നഹ്ദയിലുള്ള അപ്പാർട്മെന്‍റിൽ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക, മകൾ വൈഭവി എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ മൃതദേഹം പിതാവ് നിതീഷിന്‍റെ താത്പര്യ പ്രകാരം യുഎഇയിൽ തന്നെ സംസ്കരിക്കുകയായിരുന്നു.

വിപഞ്ചികയുടെ മൃതദേഹം അവരുടെ കുടുംബം നാട്ടിലേക്ക് കൊണ്ടുപോയി സംസ്കരിച്ചു. വിപഞ്ചികയുടെ രണ്ടാമത്തെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കേസ് അന്വേഷണം വിപുലീകരിക്കാനാണ് കേരള പൊലീസിന്‍റെ തീരുമാനം.

വിപഞ്ചികയുടെ അമ്മ ഷൈലജ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നിതീഷിനും അയാളുടെ പിതാവിനും സഹോദരിക്കുമെതിരെ ഗാർഹിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഗർഭിണിയായിരുന്നപ്പോൾ പോലും ശാരീരിക ഉപദ്രവങ്ങൾ നേരിട്ടിരുന്നുവെന്ന് ആറുപേജുള്ള ആത്മഹത്യാക്കുറിപ്പിൽ വിപഞ്ചിക വ്യക്തമാക്കിയിരുന്നു.

വിപഞ്ചികയുടെ ലാപ്ടോപ് ഫൊറൻസിക് പരിശോധനയ്ക്ക് അയക്കാനും അന്വേഷണ സംഘം തീരുമാനിച്ചു. ഫെയ്സ്ബുക്കിൽ ഇവർ എഴുതിയ കുറിപ്പിന്‍റെ ഒറിജിനൽ പതിപ്പ് ലാപ്ടോപ്പിൽ ഉണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
Previous Post Next Post