
ധർമ്മസ്ഥലയിൽ വീണ്ടും അസ്ഥികൾ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ബങ്കലെഗുഡേ വനമേഖലയിൽ നിന്നാണ് അസസ്ഥി കഷ്ണങ്ങൾ ലഭിച്ചത് എന്നാണ് വിവരം. എസ്ഐടി സംഘം ഇന്ന് ബങ്കലെഗുഡേയിൽ പരിശോധന നടത്തിയിരുന്നു. കർണാടക ഹൈക്കോടതി നിർദേശപ്രകാരമായിരുന്നു പരിശോധന. ഈ പരിശോധനയിൽ അഞ്ചിടത്ത് നിന്ന് അസ്ഥി കഷ്ണങ്ങൾ ലഭിച്ചതായാണ് സൂചനയുണ്ട്. ബങ്കലെഗുഡേയിൽ സാക്ഷി ചിന്നയ്യ മൃതദേഹം കുഴിച്ചിട്ടത് കണ്ടു എന്ന് വ്യക്തമാക്കി രണ്ട് പ്രദേശവാസികൾ രംഗത്തുവന്നിരുന്നു. ഇവർ നൽകിയ ഹർജിയിലാണ് പ്രദേശത്ത് വീണ്ടും പരിശോധന നടത്താൻ എസ്ഐടിക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയത്.
അതിനിടെ ധര്‍മ്മസ്ഥലയില്‍ നിന്ന് ഒമ്പത് മൃതദേഹാവശിഷ്ടങ്ങൾ എസ്ഐടി കണ്ടെത്തിയതായി യൂട്യൂബര്‍ മനാഫ്. കുട്ടിയുടെയും സ്ത്രീകളുടെയും മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയതെന്നും ബംഗളഗുഡ്ഡ വനമേഖലയിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്, ഇനിയും അസ്ഥികൾ കണ്ടെത്തും. ഉന്നയിച്ചകാര്യങ്ങളെല്ലാം സത്യമായി വരും. ഇപ്പോഴും തനിക്കെതിരെ വധഭീഷണിയുണ്ട്. പറഞ്ഞകാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു എന്നും മനാഫ് പറഞ്ഞു.
ധര്‍മ്മസ്ഥല വ്യാജ വെളിപ്പെടുത്തല്‍ കേസില്‍ മനാഫിനെ സെപ്റ്റംബര്‍ 10 ന് ചോദ്യം ചെയ്തിരുന്നു. ആവശ്യമുണ്ടാകുന്ന പക്ഷം വീണ്ടും വിളിപ്പിക്കും എന്ന് പറഞ്ഞ് മനാഫിനെ എസ്ഐടി വിട്ടയച്ചിരിക്കുകയാണ് ചെയ്തത്. മനാഫിന്റെ സ്റ്റേറ്റ്മെന്റ് എസ്ഐടിവീഡിയോയിൽ പകർത്തിയിട്ടുണ്ട്. കൂടാതെ മറ്റൊരു യൂട്യൂബറായ അഭിഷേകിന്റെ ചോദ്യം ചെയ്യലും പൂർത്തിയായിട്ടുണ്ട്. അഭിഷേകിൽ നിന്ന് എസ്ഐടി ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ധര്‍മ്മസ്ഥല കേസ് സത്യസന്ധമായതാണെന്നും പലരേയും അവിടെ ബലാത്സംഗം ഉൾപ്പെടെ ചെയ്ത് കൊലപ്പെടുത്തിയിട്ടുണ്ടെന്നും മനാഫ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആർക്കും നീതി ലഭിച്ചില്ല. കേരള സാരി ഉടുത്ത സ്ത്രീകളെയും അവിടെ കുഴിച്ച് മൂടിയിട്ടുണ്ട്. തലയോട്ടിയുടെ വിശ്വാസ്യത തീരുമാനിക്കേണ്ടത് എസ്ഐടിയാണ്. ശുചീകരണ തൊഴിലാളി മൊഴിമാറ്റിയതാണ് ഇപ്പോൾ പ്രശ്നമായതെന്നും മനാഫ് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുമ്പായിരുന്നു മനാഫിന്റെ ഈ പ്രതികരണം.