ഓപ്പറേഷൻ നുംഖോർ.. സിനിമ താരം അമിത് ചക്കാലക്കൽ അന്വേഷണവുമായി സഹകരിക്കുന്നില്ല.. പൊലീസെത്തി…


ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി കസ്റ്റംസ് പരിശോധന തുടരുകയാണ്. സിനിമ താരം അമിത് ചക്കാലക്കൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു. അമിത് ചക്കാലക്കൽ സമൻസ് കൈപ്പറ്റാൻ വിസമ്മതിച്ചു. ഇതോടെ അമിത ചക്കാലക്കലിൻറെ വീട്ടിലേക്ക് കസ്റ്റംസ് പൊലീസിനെ വിളിച്ചുവരുത്തി. ഇന്ത്യൻ എംബസിയുടെയും യുഎസ് കോൺസലേറ്റിൻറെയും പേരിൽ വ്യാജമായി മുമ്പ് രജിസ്റ്റർ വാഹനങ്ങളാണ് അമിത് ചക്കലാക്കലിൻറെ കൈവശമുണ്ടായിരുന്നത്. അമിതിൻറെ വീട്ടിൽ പരിശോധന തുടരുകയാണ്. അമിതിൻറെ അഭിഭാഷകരും വീട്ടിലെത്തിയിട്ടുണ്ട്. അഞ്ച് വർഷം മുൻപ് എടുത്ത 99 മോഡൽ 105 ലാൻഡ് ക്രൂയിയറാണ് അമിത് ചക്കാലക്കലിനുള്ളത്. ദില്ലി രജിസ്ട്രേഷനിലുള്ള വണ്ടി മധ്യപ്രദേശ് രജിസ്ട്രേഷനാക്കിയാണ് (MP 09 W 1522) വാങ്ങിയത്. ഇതിൻറെ പശ്ചാത്തലമാണ് അന്വേഷിക്കുന്നത്. പരിശോധനയുടെ ഭാഗമായി ലാൻഡ് ക്രൂയിസർ കസ്റ്റംസ് പിടിച്ചെടുത്തു.

സിനിമ താരങ്ങളായ ദുൽഖർ സൽമാൻ, പൃഥ്വിരാജ് അടക്കമുള്ള പ്രമുഖരുടെ വീടുകളിലും കസ്റ്റംസ് പരിശോധന തുടരുകയാണ്. ദുൽഖർ സൽമാൻറെ നിസാൻ പെട്രോൾ കാർ, പൃഥ്വിരാജിൻറെ ലാൻഡ് റോവർ ഡിഫൻഡർ അടക്കമുള്ള കാറുകളാണ് അന്വേഷണ പരിധിയിലുള്ളത്. ദുൽഖറിൻറെ ഇപ്പോഴത്തെ വീട്ടിലും പഴയ കാറുകൾ സൂക്ഷിച്ചിട്ടുള്ള ഗ്യാരേജുള്ള പഴയ വീട്ടിലും പരിശോധന നടക്കുന്നു. എന്നാൽ, പൃഥ്വിരാജിൻറെ അന്വേഷണ പരിധിയിലുള്ള കാർ അദ്ദേഹത്തിൻറെ തിരുവനന്തപുരത്തെ വീട്ടിലും കൊച്ചിയിലെ ഫ്ലാറ്റിലുമില്ല. വാഹനം എവിടെ എന്ന് വ്യക്തമല്ല. ഇതിനിടെ മലപ്പുറത്ത് നിന്ന് പിടിച്ചെടുത്ത ഒരു വാഹനം കസ്റ്റംസിൻറെ കരിപ്പൂരിലെ യാർഡിലേക്ക് മാറ്റി. കേരള രജിസ്ട്രേഷനിലുള്ള എസ്‍യുവി വാഹനമാണ് യാർഡിലേക്ക് മാറ്റിയത്.

Previous Post Next Post