
ഈ അധ്യയന വർഷത്തിലെ സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. 2026 ഫെബ്രുവരി 17ന് പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകൾ ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 17ന് ആരംഭിച്ച് മാർച്ച് 9ന് അവസാനിക്കും. പത്താം ക്ലാസിലെ രണ്ടാം ബോർഡ് പരീക്ഷ മെയ് 15ന് ആരംഭിച്ച് ജൂൺ ഒന്നിനാണ് അവസാനിക്കുക. പന്ത്രണ്ടാം ക്ലാസിലെ പരീക്ഷകൾ ഫെബ്രുവരി 17ന് ആരംഭിച്ച് ഏപ്രിൽ 9ന് അവസാനിക്കും. 2026 മുതൽ പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടു തവണ നടത്തുമെന്ന് സിബിഎസ്ഇ നേരത്തെ അറിയിച്ചിരുന്നു. രണ്ടാം പരീക്ഷ വിദ്യാർത്ഥികൾ ആവശ്യമെങ്കിൽ മാത്രം എഴുതിയാൽ മതി. ആദ്യ പരീക്ഷയിൽ വിജയിക്കാതിരിക്കുകയോ മാർക്ക് കുറയുകയോ ചെയ്തവർക്ക് അത് മെച്ചപ്പെടുത്താനാണ് രണ്ടാം പരീക്ഷയിലൂടെ അവസരം ഒരുക്കുന്നത്.