
മാവേലിക്കര- ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ചുള്ള കൊടി തോരണങ്ങൾ നശിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് പിടികൂടി. പൈനുംമ്മൂട് ജംഗ്ഷൻ മുതൽ കുന്നം ധർമ്മശാസ്താ ക്ഷേത്രത്തിന്റെ മുൻവശം വരെ ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച കെട്ടിയിരുന്ന കൊടികൾ നശിപ്പിച്ച കേസിലാണ് അറസ്റ്റ്. മാവേലിക്കര തഴക്കര കുന്നം അമ്പാടിയിൽ വീട്ടിൽ അജയ് കൃഷ്ണൻ (22) എന്ന യുവാവിനെയാണ് ചെങ്ങന്നൂർ ഡി.വൈ.എസ്.പിയുടെ പ്രത്യേക അന്വേഷണസംഘവും മാവേലിക്കര പൊലീസ് ഇൻസ്‌പെക്ടർ സി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള മാവേലിക്കര പൊലീസും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ 14ന് വെളുപ്പിനെയാണ് നാട്ടിൽ കലാപ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി മാവേലിക്കര പൈനുംമ്മൂട് ജംഗ്ഷൻ മുതൽ കുന്നം ധർമ്മശാസ്താ ക്ഷേത്രത്തിന്റെ മുൻവശം വരെ ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച കെട്ടിയിരുന്ന കൊടികൾ നശിപ്പിക്കുകയും കുറച്ചു കൊടികൾ തഴക്കര വേണാട് ജംഗ്ഷനു സമീപമുള്ള സി.പി.എമ്മിന്റെ പാർട്ടി ഓഫീസിന് മുൻവശം കൊണ്ടിടുകയും ചെയ്തതായി മാവേലിക്കര പൊലീസിൽ പരാതി ലഭിച്ചത്.
തുടർന്ന് കേസ് രജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ നായരുടെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡി.വൈ.എസ്.പി എം.കെ. ബിനുകുമാറിന്റെ മേൽനോട്ടത്തിൽ അന്വേഷണ സംഘം രൂപീകരിച്ചു അന്വേഷണം തുടങ്ങുകയായിരുന്നു.കുന്നത്തേയും സമീപ പ്രാദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരാൾ ബൈക്കിൽ എത്തി കൊടികൾ നശിപ്പിക്കുന്നതായി കണ്ടെത്തിയതോടെയാണ് പ്രതി പിടിയിലായത്.