തന്നെ കടിച്ച വിഷപ്പാമ്പിന്റെ തല കടിച്ചു പറിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ


തന്നെ കടിച്ച വിഷപ്പാമ്പിന്റെ തല കടിച്ചു പറിച്ച് യുവാവിന്റെ പ്രതികാരം. വെങ്കിടേഷ് എന്നയാളാണ് തന്നെക്കടിച്ച പാമ്പിന്റെ തലയിൽ ക്രൂരമായി കടിച്ച് കൊലപ്പെടുത്തിയത്. വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട ബ്ലാക്ക് ക്രെയ്റ്റ് എന്ന പാമ്പാണ് ഇയാളെ കടിച്ചത്. ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലാണ് സംഭവം.

പാമ്പ് കടിയേൽക്കുന്ന സമയത്ത് വെങ്കിടേഷ് മദ്യ ലഹരിയിലായിരുന്നു. ഇയാളെ കടിച്ച പാമ്പിനെ ഉടൻ കയ്യിലെടുത്ത് അതിന്റെ തലയിൽ കടിക്കുയായിരുന്നു. എന്നാൽ പാമ്പ് കടിയേറ്റ് ചികിത്സിക്കാതെ വിശ്രമിക്കാൻ കിടന്ന വെങ്കിടേഷിന്റെ നില അർദ്ധരാത്രിയായപ്പോൾ വഷളായി. ഇത് കണ്ട പരിഭ്രാന്തരായ കുടുംബാംഗങ്ങൾ വെങ്കിടേഷിനെ ശ്രീകാളഹസ്തി ഏരിയ ആശുപത്രിയിൽ എത്തിച്ചു. അവിടെ അദ്ദേഹത്തിന് പെട്ടെന്ന് ചികിത്സയും നൽകി.

ഇന്ന് രാവിലെ അദ്ദേഹത്തെ വിദ​ഗ്ദ ചികിത്സക്കായി തിരുപ്പതി റൂയിയ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ വെങ്കിടേഷ് അതിതീവ്ര പരിചരണ വിഭാ​ഗത്തിലാണ്. വെങ്കിടേഷിന്റെ നില ഗുരുതരമായി തുടരുകയാണ്. പാമ്പിനെ കടിച്ചു കൊന്ന ശേഷം അതിനെ വീട്ടിലേക്ക് കൊണ്ടുപോയി തൊട്ടരികിൽ കിടത്തി വെങ്കിടേഷ് ഉറങ്ങിയതായും നാട്ടുകാർ പറയുന്നു.

Previous Post Next Post