തിരുവനന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (KSRTC) ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം ( ഓപ്പറേറ്റിംഗ് റവന്യു ) കൈവരിച്ചു. 2025 സെപ്റ്റംബര്‍ 8-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി രൂപ കെഎസ്ആര്‍ടിസി നേടിയത്. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. മുൻപ് 2024 ഡിസംബർ 23 ന് ശബരിമല സീസണിൽ നേടിയ ഓപ്പറേറ്റിംഗ് റവന്യു ആയ 9.22 കോടി രൂപ എന്ന നേട്ടത്തെ ആണ് ഇപ്പോൾ മറികടന്നത്.
ചരിത്രം നേട്ടം കൈവരിക്കാനായതിൽ മന്ത്രി ജീവനക്കാർക്ക് നന്ദി പറഞ്ഞു. ഇപ്പോൾ നമ്മൾ നേടിയില്ലെങ്കിൽ പിന്നെ എപ്പോഴാണ്. എന്റെ പ്രിയപ്പെട്ട ജീവനക്കാർക്ക് നന്ദി, അഭിനന്ദനങ്ങൾ- മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. 14.09.2024 ലെ ഓണം സമയത്ത് നേടിയ ഏറ്റവും കൂടിയ വരുമാനമായ 8.29 കോടി രൂപയായിരുന്നു ഇതുവരെ ഓണക്കാല സർവ്വകാല റെക്കോഡ്. 4607 ബസ്സുകൾ ആണ് ഓപ്പറേറ്റ് ചെയ്ത് വരുമാനം ലഭ്യമാക്കിയത്. ഇത് മുൻ റെക്കോഡ് വരുമാനം നേടിയ 23.12.2024 ൽ 4567 ആയിരുന്നു.