‘ഞങ്ങളെ ഒന്ന് പാലക്കാട് കാണിക്കാമോ…ബസില്‍ കയറ്റാമോ…’ഇതായിരുന്നു അട്ടപ്പാടിയില്‍ നിന്ന് ഇരുപതുകിലോമീറ്ററകലെ കാടിനുള്ളില്‍ പാര്‍ക്കുന്ന ആ കുട്ടികള്‍ ചോദിച്ചത്. അതിന് ഉത്തരം പറഞ്ഞത് മമ്മൂട്ടിയാണ്. അങ്ങനെ ആ കുട്ടികള്‍ പാലക്കാടല്ല, കൊച്ചിയെന്ന മഹാനഗരത്തിലെത്തി.
മെട്രോയില്‍ കയറി, ഒടുവില്‍ വിമാനം പറക്കുന്നത് കണ്ടു. അതിനെ തൊട്ടു.
ആലുവ രാജഗിരി ആശുപത്രിയിലെത്തി റോബോട്ടിക് സർജറിയുടെ വിസ്മയലോകവും നേരിൽക്കണ്ടു. പാലക്കാട് അട്ടപ്പാടിയിലെ ആനവായ് ഗവ. എൽപി സ്‌കൂളിലെ 19 വിദ്യാർഥികളും 11 അധ്യാപകരുമാണ് കൊച്ചി കണ്ട് മമ്മൂട്ടിയുടെ ജന്മദിനം ആഘോഷമാക്കിയത്.കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയുംചേർന്നാണ് വിനോദയാത്ര സംഘടിപ്പിച്ചത്.
പാലക്കാട് കാണാന്‍ ആഗ്രഹിച്ച കുട്ടികളെ കൊച്ചി കാണിക്കാനും മെട്രോയില്‍ കയറ്റാനും വിമാനത്താവളത്തില്‍ കൊണ്ടുപോകാനും നിര്‍ദേശിച്ചത് മമ്മൂട്ടിയാണ്.രാത്രി പാലക്കാടുനിന്ന് എറണാകുളത്ത് എത്തിയ സംഘം കളമശ്ശേരി ജ്യോതിര്‍ഭവനില്‍ താമസിച്ച്, അടുത്ത ദിവസം അതിരാവിലെ ഏഴുമണിയോടെ കളമശ്ശേരി മെട്രോ സ്റ്റേഷനിലെത്തി. മെട്രോ സ്റ്റേഷനിലെ എസ്‌കലേറ്ററും, മെട്രോ ട്രെയിനും കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ അദ്ഭുതക്കാഴ്ചകളായി.കളമശ്ശേരിയില്‍ നിന്ന് മെട്രോയില്‍ ആലുവയിലെത്തിയ സംഘം തുടര്‍ന്ന് ടൂറിസ്റ്റ് ബസ്സില്‍ കയറി രാജഗിരി ആശുപത്രിയിലേക്ക്. അവിടെ പ്രഭാതഭക്ഷണത്തിന് ശേഷം അവര്‍ റോബോട്ടിക് സര്‍ജറിയുടെ വിസ്മയലോകം നേരില്‍ കണ്ടു. അടിസ്ഥാന സൗകര്യങ്ങള്‍ പോലും പരിമിതമായ അട്ടപ്പാടിയിലെ കുട്ടികള്‍ക്ക്, റോബോട്ടിനെ ഉപയോഗിച്ചുള്ള ശസ്ത്രക്രിയ എന്നത് അമ്പരപ്പിക്കുന്ന അനുഭവമായിരുന്നു.