
മിന്നലേറ്റു മരിച്ച യുവാവിന്റെ മൃതദേഹം ചാണകക്കൂനയിൽ സൂക്ഷിച്ചു. യുവാവിനെ പുനർജ്ജനിപ്പിക്കാനാണ് അന്ധവിശ്വാസികളായ കുടുംബം മൃതദേഹം ചാണകത്തിൽ സൂക്ഷിച്ചത്. ജാർഖഝിലെ ലതേഹാർ ജില്ലയിലുള്ള മഹുവദനറിലാണ് സംഭവം. പൊലിസ് ഇടപെട്ടതോടെ മണിക്കൂറുകൾക്ക് ശേഷം ബന്ധുക്കൾ വിട്ടുനൽകിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ലതേഹാർ ആശുപത്രിയിലേക്ക് അയച്ചു.
കന്നുകാലി വളർത്തുകാരനായ രാംനാഥ് യാദവിന്‍റെ (45) മൃതദേഹമാണ് ബന്ധുക്കൾ ചാണകകൂനയിൽ സൂക്ഷിച്ചത്. ശനിയാഴ്ച വൈകുന്നേരം ഭാര‍്യ ശോഭാ ദേവിയോടൊപ്പം പശുക്കളെ മേക്കുന്നതിനായി പോയ ഇരുവർക്കും മിന്നലേൽക്കുകയായിരുന്നു. തുടർന്ന് മഹുവദനറിലെ സാമൂഹികാരോഗ‍്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും രാംനാദിനെ രക്ഷിക്കാനായില്ല.
മരണശേഷം രാംനാദിനെ പുനർജനിപ്പിക്കാന്‍ അന്ധവിശ്വാസികളായ ബന്ധുക്കൾ ആശുപത്രി അധികൃതരെ അറിയിക്കാതെ മൃതദേഹം കൊണ്ടുപോയി ചാണകത്തിൽ സൂക്ഷിച്ചു.അസ്വഭാവിക മരണം സംഭവിച്ച മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ കൊണ്ടുപോയതിനെ തുടർന്ന് ആശുപത്രി അധികൃതർ പൊലിസിനെ അറിയിക്കുകയായിരുന്നു.
മഹുവദനർ പോലിസ് സ്റ്റേഷന്‍ ഇന്‍ ചാർജ് മനോജ് കുമാറിന്‍റെനേതൃത്വത്തിലുള്ള സംഘവും ആരോഗ‍്യ വിദഗ്ദരും സ്ഥലത്തെത്തിയെങ്കിലും മൃതദേഹം വിട്ടു നൽകാന്‍ ബന്ധുക്കൾ തയാറായിരുന്നില്ല. ഇടിമിന്നൽ മൂലമുള്ള മരണത്തിന് സംസ്ഥാന സർക്കാരിന്റെ ദുരന്തനിവാരണ നിയമങ്ങൾ പ്രകാരം നഷ്ടപരിഹാരം ലഭിക്കാൻ പോസ്റ്റ്‌മോർട്ടം ആവശ്യമാണെന്ന് ബന്ധുക്കളോട് പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.