യൂത്ത് കോൺഗ്രസ് അധ്യക്ഷനായി അഭിമുഖം; നിയമനം വേഗത്തിലാക്കാൻ ദേശീയ നേതൃത്വം, അന്തിമ പട്ടികയിൽ ഇവർ..


യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ നിയമനം വേഗത്തിലാക്കാന്‍ ദേശീയ നേതൃത്വം. സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ അഭിമുഖം നടത്താനാണ് നേതൃത്വത്തിന്റെ തീരുമാനം. യൂത്ത് കോണ്‍ഗ്രസ് ദേശീയ കമ്മിറ്റിയാണ് അഭിമുഖം നടത്തുക. സംസ്ഥാന ഉപാധ്യക്ഷന്മാരായ അബിന്‍ വര്‍ക്കി, ഒ ജെ ജിനീഷ് കുമാര്‍, ദേശീയ സെക്രട്ടറി ബിനു ചുള്ളിയില്‍, എന്‍ എസ് യു മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി കെ എം അഭിജിത്ത് എന്നിവരാണ് അന്തിമ പട്ടികയില്‍.

അബിന്‍ വര്‍ക്കിയെ പരിഗണിക്കണമെന്ന ആവശ്യത്തിന് ഉറച്ചുനില്‍ക്കുകയാണ് ഐ ഗ്രൂപ്പ്. സംഘടനാ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനം ലഭിച്ച അബിന്‍ വര്‍ക്കിക്ക് സ്വാഭാവിക നീതി ലഭിക്കണമെന്നാണ് നിലപാട്. അതേസമയം കെ എം അഭിജിത്തിനായി എ ഗ്രൂപ്പും ബിനു ചുള്ളിയിന് വേണ്ടി കെ സി വേണുഗോപാല്‍ പക്ഷവും കരുനീക്കം തുടങ്ങിയിട്ടുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തില്‍ പദവി ഒഴിഞ്ഞിട്ട് ഒരു മാസം പിന്നിടുമ്പോളാണ് പുതിയ അധ്യക്ഷന്‍റെ നിയമനം വേഗത്തിലാക്കാൻ യൂത്ത് കോൺഗ്രസ് ശ്രമിക്കുന്നത്. അധ്യക്ഷ നിയമനം വൈകുന്നത് പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി പരാതി ഉയർന്നിട്ടുള്ളതിനാൽ ഒരാഴ്ചക്കകം അധ്യക്ഷനെ നിയമിക്കണമെന്ന സംസ്ഥാന നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ ദേശീയ അദ്ധ്യക്ഷന്‍ സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ആശയ വിനിമയം നടത്തി.

Previous Post Next Post