യൂത്ത് കോൺഗ്രസ് നേതാവിനെതിരായ മർദ്ദനം.. പൊലീസുകാരെ പുറത്താക്കിയില്ലെങ്കിൽ ഏതറ്റംവരെയും പോകും…


        
ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത്തിനെ പൊലീസ് സ്റ്റേഷനില്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തര നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സുജിത്ത് നേരിട്ടത് ക്രൂരമര്‍ദ്ദനമാണെന്ന് സതീശന്‍ പറഞ്ഞു. ക്രിമിനലുകൾ പോലും ചെയ്യാത്ത കാര്യമാണ് പൊലീസുകാർ ചെയ്തത്. മര്‍ദ്ദിച്ചിട്ടും മര്‍ദ്ദിച്ചിട്ടും മതിവരാത്ത രീതിയിൽ സുജിത്തിനെ പൊലീസുകാർ മർദ്ദിച്ച് അവശനാക്കി. അതുംപോരാതെയാണ് കള്ളക്കേസില്‍ കുടുക്കിയത്. എസ്‌ഐ ഉള്‍പ്പെടെ പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

പുതിയ കാലത്താണ് ഇങ്ങനെ ഒരു സംഭവം നടന്നിരിക്കുന്നതെന്ന് ഓര്‍ക്കണം. സുജിത്തിനെ മര്‍ദ്ദിച്ചതിന്റെ കാരണം എന്താണെന്ന് ചോദിച്ചാല്‍ അത് പോലും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അറിയില്ല. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ കോണ്‍ഗ്രസ് ഏതറ്റംവരെയും പോകും. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് പൊലീസിനെ ഭരിക്കുന്നത്. ആ ഉപജാപക സംഘത്തിന്റെ വക്താവായി ഡിഐജി മാറരുത്. കേരളത്തിലെ പൊലീസ് ഇത്രമാത്രം വഷളായ ഒരു കാലഘട്ടം ഉണ്ടായിട്ടില്ല. വിഷയത്തില്‍ കോണ്‍ഗ്രസിന് ഉറച്ച നിലപാടാണുള്ളത്. പ്രതിപ്പട്ടികയില്‍ പോലും ഉള്‍പ്പെടുത്താതെ പൊലീസുകാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടന്നത്. സിപിഐഎം ജില്ലാ കമ്മിറ്റിയും അതിന് പിന്നിലുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അതില്‍ പങ്കുണ്ട്. വിവരാവകാശ രേഖപ്രകാരം വീഡിയോ ലഭിച്ചില്ലായിരുന്നെങ്കില്‍ ഈ സംഭവം പുറത്തറിയില്ലായിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു,


ആഗോള അയ്യപ്പ സംഗമത്തിനെതിരെയും വി ഡി സതീശന്‍ ആഞ്ഞടിച്ചു. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള അയ്യപ്പഭക്തി എന്താണെന്ന് സാമാന്യ ജനങ്ങള്‍ക്കറിയാമെന്ന് വി ഡി സതീശന്‍ പറഞ്ഞു. ശബരിമലയില്‍ ഇത്രനാള്‍ വികസന പ്രവര്‍ത്തനങ്ങള്‍ എന്തുകൊണ്ട് നടത്തിയില്ലെന്ന് സതീശന്‍ ചോദിച്ചു. നാമജപ ഘോഷയാത്രയോടനുബന്ധിച്ചുള്ള കേസുകള്‍ എന്തുകൊണ്ട് പിന്‍വലിച്ചില്ലെന്നും സതീശന്‍ ആരാഞ്ഞു. ഈ കാപട്യം ജനങ്ങള്‍ തിരിച്ചറിയും. തങ്ങള്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയട്ടെയെന്നും സതീശന്‍ പറഞ്ഞു. സംഘാടകസമിതിയിലേക്ക് ക്ഷണിച്ചപ്പോള്‍ അറിയിച്ചില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സതീശന്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിലും വി ഡി സതീശന്‍ പ്രതികരിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്യത്തില്‍ നിലപാടില്‍ മാറ്റമില്ല. ആലോചിച്ച് എടുത്ത തീരുമാനങ്ങളാണ്. അതില്‍ താന്‍ വിമര്‍ശനങ്ങളും നേരിട്ടിട്ടുണ്ട്. സിപിഐഎമ്മിന് പോലും ഇങ്ങനെ ഒരു തീരുമാനമെടുക്കാന്‍ ധൈര്യമില്ല. പൂര്‍ണ്ണമായും ആത്മവിശ്വാസത്തോടെയാണ് തീരുമാനങ്ങള്‍ എടുത്തത്. വ്യക്തിക്കല്ല, പ്രസ്ഥാനത്തിനാണ് പ്രാധാന്യം നല്‍കുന്നത്. രാഹുല്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി ആലോചിച്ച് തീരുമാനമെടുക്കും. താന്‍ മാത്രമായി എടുക്കേണ്ട തീരുമാനമല്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.


        

Previous Post Next Post