കൊല്ലം മുതുപിലാക്കാട് ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് മുന്നില്‍ തയ്യാറാക്കിയ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ അത്തപ്പൂക്കളത്തിനെതിരെ കേസെടുത്ത പൊലീസ് നടപടിയില്‍ വിവാദം. ശാസ്താംകോട്ട സ്വദേശിയും മുന്‍ സൈനികനുമായ ശരത്, സൈനികനായ അശോകന്‍ എന്നിവരെ പ്രതികളാക്കി കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
പൊലീസ് നടപടിക്ക് എതിരെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. പൊലീസ് നടപടി ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. കേരളം ഭരിക്കുന്നത് ജമാ അത്തെ ഇസ്ളാമിയാണോ, അതോ പാകിസ്ഥാന്‍ ഭരണത്തിലാണോ കേരളമെന്നും ബിജെപി അധ്യക്ഷന്‍ ചോദിച്ചു. എത്രയും വേഗം എഫ് ഐ ആര്‍ പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ കേരളാ പോലീസിനെതിരെ കോടതിയെ സമീപിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.
ഓണം ആഘോഷിക്കാന്‍ നാട്ടിലെത്തിയപ്പോള്‍ അഭിമാനത്തോടെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്നെഴുതി അത്തപ്പൂക്കളമിട്ട സൈനികനെ അടക്കം പ്രതി ചേര്‍ത്താണ് ശാസ്താംകോട്ട പോലീസ് കേസെടുത്തത്. രാജ്യത്ത് ആദ്യമായിട്ടാണ് അത്തപ്പൂക്കളം ഇട്ടതിനെതിരെ പോലീസ് കേസെടുക്കുന്നത്. ഓണം മലയാളികളുടെ ദേശീയ ഉത്സവമാണ് അതിന്റെ ആചാര അനുഷ്ഠാനങ്ങള്‍ പോലും പാലിക്കാന്‍ അനുവദിക്കാത്ത, ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പൂക്കള്‍ കൊണ്ട് എഴുതിയതിനെതിരെ നിയമ നടപടിയെടുത്ത് സര്‍ക്കാര്‍ ആരെയാണ് പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിക്കുന്നു. ആചാര അനുഷ്ഠാനങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും എതിരെ കേസെടുക്കുന്ന ഇതേ സര്‍ക്കാരാണ് ശബരിമലയില്‍ അയ്യപ്പഭക്ത സമ്മേളന സംഘടിപ്പിക്കുന്നത് എന്നത് വിരോധാഭാസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കലാപശ്രമം, നിയമവിരുദ്ധമായി ഫ്‌ലെക്‌സ് ബോര്‍ഡ് സ്ഥാപിക്കല്‍ തുടങ്ങിയ വരുപ്പുകള്‍ പ്രകാരമാണ് കേസ്. കോണ്‍ഗ്രസ്സും സിപിഎമ്മും ചേര്‍ന്ന ക്ഷേത്ര ഭരണ സമിതി ഛത്രപതി ശിവജിയുടെ ചിത്രത്തെ ഭയക്കുന്നു എന്നതിന്റെ തെളിവാണ് കേസെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുറ്റപ്പെടുത്തി.