
യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭയിലെത്തിയതിനെ പിന്തുണച്ച് രാഹുല്‍ ഈശ്വര്‍. ‘ചവിട്ടിതാഴ്ത്തപ്പെട്ടവന്റെ തിരിച്ചുവരവ്’ എന്ന ക്യാപ്ഷനോട് കൂടി രാഹുല്‍ നിയമസഭയിലെത്തിയ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെക്കുകയായിരുന്നു.
‘രാഹുല്‍ എത്തി… രാഹുല്‍, രാഹുല്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍.. ചവിട്ടി താഴ്ത്തപ്പെട്ടവന്റെ തിരിച്ചു വരവ്. പൊതു ജന പിന്തുണ തുടരണം.. ജയ് ഹിന്ദ്’, എന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രതികരണം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ എതിര്‍പ്പ് വകവെക്കാതെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് നിയമസഭയിലെത്തിയത്.
യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറും രാഹുലിനൊപ്പമുണ്ടായിരുന്നു. സഭയിലെത്തിയ രാഹുലിന് പ്രതിപക്ഷ നിരയില്‍ വന്ന കുറിപ്പും ചര്‍ച്ചയാകുന്നുണ്ട്. രാഹുലിന് ഒരു കുറിപ്പ് കിട്ടുകയും അതിനുള്ള മറുപടി എഴുതി നിയമസഭാ ജീവനക്കാരന്റെ കയ്യില്‍ ഏല്‍പ്പിക്കുകയും ചെയ്തു. പിന്നാലെ രാഹുല്‍ സഭയില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്നു. പുറത്തിറങ്ങിയ രാഹുലിന്റെ വാഹനം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയുകയും ചെയ്തിരുന്നു.
സഭാ കവാടത്തിന് മുന്നില്‍ നിന്ന് രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തനിക്കെതിരായ ആരോപണങ്ങളില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറിയായിരുന്നു പ്രതികരണം. ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട് വന്ന ശബ്ദരേഖയിലെ ശബ്ദം രാഹുലിന്റേതാണോയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് അല്ലെന്നും ആണെന്നും മറുപടി പറയാതെ രാഹുല്‍ ഒഴിഞ്ഞുമാറി.
ഗര്‍ഭഛിദ്ര ഓഡിയോ നിങ്ങളുടേതാണോ? അല്ലെങ്കില്‍ അല്ലെന്ന് പറയൂ, എന്തിനാണ് ഒളിച്ചോടുന്നത് തുടങ്ങിയ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ രാഹുല്‍ പോകുകയായിരുന്നു. തനിക്ക് പറയാനുള്ള വിഷയങ്ങള്‍ മാത്രമായിരുന്നു രാഹുല്‍ മാധ്യമങ്ങളോട് പങ്കുവെച്ചത്. മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തയ്‌ക്കെതിരെയും രാഹുല്‍ പ്രതികരിച്ചു.