അയ്യപ്പസംഗമം: എതിർപ്പ്‌ കുറയുന്നു, സർക്കാരിന് രാഷ്ട്രീയനേട്ടം






ശബരിമല ആഗോള അയ്യപ്പസംഗമത്തെ പ്രബല സാമുദായിക സംഘടനകളായ എൻഎസ്എസും എസ്എൻഡിപിയും അനുകൂലിച്ചതോടെ സർക്കാരിന് രാഷ്ട്രീയനേട്ടം. കോൺഗ്രസും ബിജെപിയും എതിർക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് രണ്ടുസംഘടനയും സംഗമത്തിന്‌ പിന്തുണപ്രഖ്യാപിച്ചത്.

സംഗമത്തിൽ വിശ്വാസികൾമാത്രമേ പങ്കെടുക്കാവൂ എന്ന് എൻഎസ്എസിന് നിർബന്ധമുണ്ട്. ആചാരാനുഷ്ഠാനങ്ങളിൽ മാറ്റംവരുത്തില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചതിനാൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് എസ്എൻഡിപി യോഗവും പറഞ്ഞുകഴിഞ്ഞു. രണ്ടുസംഘടനയുടെയും തീരുമാനം സംഗമത്തിന്റെ ചുമതലയുള്ള തിരുവിതാംകൂർ ദേവസ്വംബോർഡിനും വലിയ ആശ്വാസംനൽകുന്നതാണ്. കോൺഗ്രസിന് എതിർപ്പുണ്ടെങ്കിലും വിശ്വാസം സംബന്ധിച്ച കാര്യമായതിനാൽ അത്രയങ്ങ് കടുത്തനിലപാടില്ല.

ബിജെപിയും ഏതാനും ഹൈന്ദവസംഘടനകളുമാണ് എതിർപ്പുമായി രംഗത്തുള്ളത്. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ പിണറായിസർക്കാർ മുൻകൈയെടുത്തെന്ന കാരണമാണ് അവർ ഉന്നയിക്കുന്നത്.

സംഗമത്തിന് രാഷ്ട്രീയമുഖമുണ്ടാകില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ആവർത്തിച്ചു. അയ്യപ്പഭക്തരും ജനപ്രതിനിധികളും ക്ഷണിക്കപ്പെട്ട സംഘടനാപ്രതിനിധികളുമായിരിക്കും പങ്കെടുക്കുകയെന്ന് അദ്ദേഹം വിശദീകരിച്ചു. സംഗമത്തിൽ പങ്കെടുക്കണമെന്നഭ്യർഥിച്ച് കേരളത്തിൽനിന്നുള്ള രണ്ടുപേരുൾപ്പെടെ ആറ്‌്‌ കേന്ദ്രമന്ത്രിമാർക്ക് സർക്കാരും ദേവസ്വംബോർഡും കത്തയച്ചു. ഇതരസംസ്ഥാനങ്ങളിലെ ദേവസ്വംമന്ത്രിമാരെയും ക്ഷണിച്ചു. മൂന്നുവർഷമായി ശബരിമലദർശനത്തിന് സ്ഥിരമായെത്തുന്ന കേരളത്തിനുപുറത്തുള്ള നാലായിരംപേർക്ക് കത്തയച്ചു.

രജിസ്‌ട്രേഷൻ അഞ്ചുവരെ

അയ്യപ്പസംഗമത്തിൽ പങ്കെടുക്കുന്നതിന് വെർച്വൽ ക്യൂ പോർട്ടലിൽ രജിസ്‌ട്രേഷൻ അഞ്ചിന്‌ അവസാനിപ്പിച്ചേക്കും. രജിസ്റ്റർചെയ്യുന്നവരിൽനിന്ന് വിശദപരിശോധനയ്ക്കുശേഷമെ പ്രതിനിധിയെ നിശ്ചയിക്കൂ.
Previous Post Next Post