ഇന്ത്യക്കാര്‍ക്ക് പാകിസ്ഥാന്‍കാരേക്കാള്‍ 5 വര്‍ഷം അധികം ആയുസ്സ്!.. ജീവിതനിലവാരത്തിലും അന്തരം…


സാമ്പത്തിക രംഗത്ത് മാത്രമല്ല, അടിസ്ഥാന ജീവിതനിലവാരത്തിലും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുന്നതായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം പ്രൊഫസര്‍ ഷമിക രവി. ഒരു ശരാശരി ഇന്ത്യക്കാരന് പാകിസ്ഥാനിലെ ജനങ്ങളേക്കാള്‍ അഞ്ചു വര്‍ഷം അധികം ആയുസ്സ് ലഭിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒരു ഇന്ത്യക്കാരന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം നിലവില്‍ ഏകദേശം 73 വയസ്സാണ്. എന്നാല്‍ ഒരു പാകിസ്ഥാനിയുടെ ആയുര്‍ദൈര്‍ഘ്യം 67 വയസ്സില്‍ ഒതുങ്ങുന്നു. 1994-95 കാലഘട്ടത്തില്‍ ഇരു രാജ്യങ്ങളിലെയും പൗരന്മാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം ഏകദേശം 60 വയസ്സായിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഇന്ത്യ ജീവിതനിലവാരം മെച്ചപ്പെടുത്തിയപ്പോള്‍ പാകിസ്ഥാന്‍ പിന്നോട്ട് പോയെന്നതാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം ആയുര്‍ദൈര്‍ഘ്യത്തില്‍ മാത്രമല്ല, സാമ്പത്തിക കാര്യങ്ങളിലും പാകിസ്ഥാന്‍ പ്രതിസന്ധിയിലാണ്. കടുത്ത കടക്കെണിയിലാണ് രാജ്യം മുന്നോട്ട് പോകുന്നത്.
പൊതുകടം കുതിച്ചുയരുകയാണ്. പാകിസ്ഥാന്റെ മൊത്തം പൊതുകടം 2025 ജൂണ്‍ മാസത്തോടെ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനത്തോളം വര്‍ദ്ധിച്ച് 286.832 ബില്യണ്‍ ഡോളറിലെത്തി (ഏകദേശം 80.6 ട്രില്യണ്‍ പാക് രൂപ). സാമ്പത്തിക വളര്‍ച്ച കുറഞ്ഞതും കടമെടുപ്പ് വര്‍ദ്ധിച്ചതുമാണ് ഇതിന് കാരണം.

ജി.ഡി.പി.യുടെ 70% കടം: രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ അടിസ്ഥാനത്തില്‍, പൊതുകടം 2025 ജൂണില്‍ 70 ശതമാനമായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് 68 ശതമാനമായിരുന്നു. സാമ്പത്തിക വളര്‍ച്ചയിലെ കുറവാണ് ഈ അനുപാതം ഉയരാന്‍ പ്രധാന കാരണം.

ഐ.എം.എഫ്., എ.ഡി.ബ പോലുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ നിന്നുമാണ് പാകിസ്ഥാന്‍ പ്രധാനമായും പുതിയ വിദേശ വായ്പകള്‍ കണ്ടെത്തുന്നത്. എന്നാല്‍, ഈ ഭീമമായ കടഭാരം രാജ്യത്തെ ജനങ്ങളുടെ ജീവിതനിലവാരത്തെയോ അത് വഴി പൗരന്മാരുടെ ആയുസ്സിനെയോ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നില്ല എന്നതിന്റെ സൂചനകളാണ് പുതിയ കണക്കുകള്‍ നല്‍കുന്നത്.

Previous Post Next Post