വ്യാപാര സ്ഥാപനത്തിനു മുൻപിൽ നിർത്തിയ ബൈക്ക് മാറ്റുന്നതിനെ ചൊല്ലി തർക്കം; യുവാവിനെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമം, പഞ്ചായത്ത് അംഗത്തിനെതിരെ കേസ്


ബൈക്ക് പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പഞ്ചായത്ത് അംഗത്തിനെതിരെ കേസെടുത്ത് പോലീസ്. കാഞ്ഞിരപ്പുഴ പഞ്ചായത്തംഗം മുസ്‌ലിം ലീഗിലെ സതീശന് എതിരെയാണ് മണ്ണാർക്കാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. മണ്ണാർക്കാട് നഗരത്തിലായിരുന്നു സംഭവം. മണ്ണാർക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി ജീവനക്കാരൻ ഭീമനാട് ഓട്ടുകവളത്തിൽ ഹരിദാസനെയാണ് സതീശൻ ആക്രമിച്ചത്.

വ്യാഴാഴ്ച വൈകിട്ട് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആശുപത്രിപ്പടിയിലെ വ്യാപാര സ്ഥാപനത്തിനു മുൻപിൽ നിർത്തിയ ബൈക്ക് മാറ്റാൻ ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമായത്. തുടർന്ന് ഹരിദാസനെ സതീശൻ ചീത്തവിളിക്കുകയും മർദിക്കുകയുമായിരുന്നു. പിന്നാലെ റോഡരികിലെ ബാരിക്കേഡിലേക്ക് ചേർത്ത് പിടിച്ച് കഴുത്ത് ഞെരിച്ചു പിടിക്കുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Previous Post Next Post