
ഇടുക്കിയിൽ വിനോദ സഞ്ചാരി മുങ്ങി മരിച്ചു. ഹരിപ്പാട് സ്വദേശി മഹേഷ് ആണ് മരിച്ചത്. പീരുമേട് തട്ടത്തികാനത്തിന് സമീപം തോട്ടിലെ കയത്തിൽ അകപ്പെട്ടാണ് വിനോദസഞ്ചാരി മരിച്ചത്. സുഹൃത്തുക്കൾ ഒപ്പം പീരുമേട്ടിൽ എത്തിയതാണ് മഹേഷ്. ഇവിടെ സ്വകാര്യ റിസോട്ടിൽ തങ്ങിയതിന് ശേഷം സമീപത്തുള്ള തോട്ടിൽ ഇറങ്ങിയ സമയത്ത് കയത്തിൽ അകപ്പെടുകയായിരുന്നു. ഈ സമയം ഇതുവഴി വന്ന സമീപത്തെ കോളേജിലെ വിദ്യാർത്ഥികളാണ് മഹേഷ് അപകടത്തിൽപെട്ടത് കണ്ടത്. ഉടൻ തന്നെ പീരുമേട് ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് അധികൃത സ്ഥലത്തെത്തി കയത്തിൽ നിന്നും ഇയാളെ രക്ഷിച്ച് പീരുമേട്ടിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും