ആറ് പുതുമുഖങ്ങള്‍, പാണക്കാട് കുടുംബം ഇത്തവണയുമില്ല…


സമസ്തയുടെ പണ്ഡിത സഭയായ മുശാവറ പുനഃസംഘടന പൂര്‍ത്തിയായി. ആറ് പേരെ പുതുതായി ഉള്‍പ്പെടുത്തിയാണ് മുശാവറ പുനഃസംഘടിപ്പിച്ചത്. മുശാവറയില്‍ ഇത്തവണ മുസ്ലീംലീഗ് പ്രതിനിധികളില്ലെന്നാണ് റിപ്പോർട്ടുകൾ. പാണക്കാട് കുടുംബാംഗങ്ങള്‍ ഇത്തവണ മുശാവറയില്‍ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവരാരും പട്ടികയില്‍ ഇടം നേടിയില്ല. ജിഫ്രി തങ്ങള്‍ക്ക് എതിരായ വിമര്‍ശനത്തെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്ത ലീഗ് അനുകൂല പണ്ഡിതനായ മുസ്തഫല്‍ ഫൈസിയെയും തിരിച്ചെടുത്തില്ല. പുനഃസംഘടനയോടെ മുശാവറയിലെ അംഗങ്ങളുടെ എണ്ണം 38 ആയി. 

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ഇത്തവണ മുശാവറയിലേക്ക് പരിഗണിച്ചിരുന്നു എന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രണ്ടുപേരെയും മുശാവറയില്‍ ഉള്‍പ്പെടുത്തിയില്ല. ഗഫൂര്‍ അന്‍വരി, അലവി ഫൈസി കൊളപ്പറം, ബഷീര്‍ ഫൈസി ചീക്കോന്ന്, ഷഫീഖ് ബാഖവി കണ്ണൂര്‍, ടി കെ അബൂബക്കര്‍ വെളിമുക്ക്, മാമ്പുഴ സെയ്താലി മുസലിയാര്‍ എന്നിവരാണ് മുശാവറയിലെ പുതിയ അംഗങ്ങള്‍.

അതേസമയം, സമസ്ത മുശാവറയിലേക്ക് പാണക്കാട് കുടുംബാംഗങ്ങളെ പരിഗണിച്ചിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം തള്ളി. പുനഃസംഘടനയ്ക്ക് ശേഷവും മുശാവറയില്‍ രണ്ട് ഒഴിവുകള്‍ ബാക്കിയുണ്ട്. ഈ ഒഴിവുകളിലേക്ക് ആരെയാണ് പരിഗണിക്കേണ്ടതെന്ന് പിന്നീട് തീരുമാനിക്കും. അച്ചടക്ക നടപടി നേരിട്ട മുസ്തഫല്‍ ഫൈസി നല്‍കിയ മറുപടി തൃപ്തികരമല്ലാതിരുന്നതാണ് പുനഃസംഘടയില്‍ ഉള്‍പ്പെടാതിരിക്കാനുള്ള കാരണമെന്നും ഉമര്‍ ഫൈസി മുക്കം പറയുന്നു.

أحدث أقدم