മലയാളി നഴ്സ് ജർമനിയിൽ കുഴഞ്ഞുവീണ് മരിച്ചു




ഫ്രാങ്ക്ഫർട്ട്/ആലപ്പുഴ മലയാളി നഴ്സ് ജർമനിയിൽ കുഴഞ്ഞുവീണ് മരിച്ചു. ജർമനിയിലെ ഫ്രാങ്ക്ഫർട്ടിന് സമീപം ലാങ്ങനിൽ കുടുംബമായി താമസിക്കുന്ന ജോബി കുര്യൻ (40) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വീടിനുള്ളിലെ ശുചിമുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. വീട്ടിൽ അപ്പോഴുണ്ടായിരുന്ന മകൾ എമർജൻസി ടീമിന്റെ സഹായം തേടി. ഉടൻ തന്നെ എമർജൻസി ടീം എത്തി അടിയന്തര ശുശ്രൂഷകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ഇപ്പോൾ ഫ്രാങ്ക്ഫർട്ട് യൂണിക് ലിങ്ക് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ് ജോബിയുടെ മൃതദേഹം. ജോബിയുടെ ആഗ്രഹപ്രകാരം അവയവദാനം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായുള്ള സമ്മതം കുടുംബാംഗങ്ങൾ അറിയിച്ചിട്ടുണ്ട്.
തലച്ചോറിലേക്കുള്ള ഞരമ്പ് പൊട്ടിയതിനെ തുടർന്ന് മസ്ത‌ിഷ്ക മരണം സംഭവിച്ചു എന്നാണ് പ്രാഥമിക നിഗമനം.

ആലപ്പുഴ തത്തംപള്ളി സ്വദേശിയാണ് ജോബി കുര്യൻ. ബെംഗളൂരു റൂഹി കോളജ് ഓഫ് നഴ്സ‌ിങ്ങിലെ പൂർവ്വ വിദ്യാർഥിയാണ്. ജർമനിയിൽ എത്തും മുൻപ് കൊൽക്കത്ത, ലിബിയ എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു. ഭാര്യ നിവ്യ ജോബിയും ജർമനിയിൽ നഴ്സ‌് ആണ്. ജോവാന ജോബി ആണ് ഏക മകൾ. ഫ്രാങ്ക്ഫർട്ട് ഓഫ്ഫെൻബാക്കിലെ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ ജോബിയുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണ്.





Previous Post Next Post