കൊന്നു കളയും, വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കും’ എസ്എഫ്‌ഐ നേതാക്കൾക്കെതിരെ ബിജെപി സെനറ്റ് അംഗങ്ങളുടെ പരാതി..


കേരള സർവകലാശാലയിലെ സെനറ്റ് യോഗത്തിനിടെയുണ്ടായ കൈയ്യാങ്കളിക്കും സംഘർഷത്തിനും പിന്നാലെ എസ്എഫ്‌ഐ നേതാക്കൾക്കെതിരെ പരാതിയുമായി ബിജെപി സെനറ്റ് അംഗങ്ങൾ. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ തങ്ങളെ ‘കൊന്നു കളയുമെന്നും വലിച്ചുകീറി ഭിത്തിയിലൊട്ടിക്കുമെന്നും’ ഭീഷണിപ്പെടുത്തിയെന്നാണ് ബിജെപി സെനറ്റ് അംഗങ്ങളായ ടി. ജി. വിനോദ് കുമാർ, പി. എസ്. ഗോപകുമാർ എന്നിവർ തിരുവനന്തപുരം കാന്റൺമെന്റ് എസ്.എച്ച്.ഒയ്ക്ക് നൽകിയ പരാതിയിൽ പറയുന്നത്. പോലീസിന്റെയും മാധ്യമങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ഭീഷണിയെന്നും അവർ ആരോപിച്ചു.

സംസ്‌കൃതം വകുപ്പ് മേധാവി ഡോ. സി. എൻ. വിജയകുമാരി ഒരു പി.എച്ച്.ഡി. വിദ്യാർത്ഥിയെ ജാതി അധിക്ഷേപം നടത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് സംഘർഷത്തിലേക്ക് നയിച്ചത്.

സെനറ്റ് യോഗം തുടങ്ങിയപ്പോൾ ഇടതുപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചു. ഇതിനിടെ, ബിജെപി സെനറ്റ് അംഗം വിനോദ് കുമാർ നടത്തിയ ജാതി സംബന്ധമായ പരാമർശം കേട്ട എസ്എഫ്‌ഐ പ്രവർത്തകർ രൂക്ഷമായി പ്രതികരിച്ചു. “സർവകലാശാലയുടെ മുറ്റത്തുനിന്ന് ഒരാളുടെ ജാതി പറഞ്ഞാൽ കാലുവാരി ഭിത്തിയിലടിക്കുമെന്നായിരുന്നു” പ്രവർത്തകരുടെ പ്രതികരണം. എസ്എഫ്‌ഐ പ്രതിഷേധക്കാർക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ ബാരിക്കേഡുകൾ ചാടിക്കടന്നു. വി. സി. മോഹനൻ കുന്നുമ്മലിനെ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദിന്റെ നേതൃത്വത്തിൽ തടഞ്ഞുവെങ്കിലും പോലീസ് ഇടപെട്ട് വി.സിക്ക് പോകാൻ സൗകര്യമൊരുക്കി.

أحدث أقدم