
ആലപ്പുഴ: ആലപ്പുഴ പറവൂർ ഗവ. ഹയർ സെക്കന്‍ററി സ്കൂളിന് അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ പേരിടുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി വിദ്യാഭ്യാസ മന്ത്രി. മുൻ മന്ത്രിയും ആലപ്പുഴയിലെ സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാവുമായ ജി സുധാകരന് അയച്ച കത്തിലാണ് ഈ കാര്യം അറിയിച്ചിട്ടുള്ളത്. പറവൂർ ഗവ. ഹയർ സെക്കന്‍ററി സ്കൂളിന് വിഎസിന്‍റെ പേര് നൽകണമെന്ന് നേരത്തെ ജി സുധാകരൻ ആവശ്യപ്പെട്ടിരുന്നു
നേരത്തെ, ആലപ്പുഴ വിഎസിന്‍റെ പറവൂരിലെ വേലിക്കകത്ത് വീടിന്‍റെ ചുറ്റു മതിലിൽ അദ്ദേഹത്തിന്‍റെ സമരോത്സുക ജീവിതം നിറഞ്ഞു നിൽക്കുന്നുണ്ട്. വിഎസ് ഇല്ലാത്ത ആദ്യ ജന്മദിനം കഴിഞ്ഞ മാസം 20ന് ആചരിച്ചപ്പോൾ അദ്ദേഹത്തിന് നൽകിയ ആദരവായിരുന്നു ഇത്. സാംസ്കാരിക വകുപ്പിന്‍റെ നിർദേശ പ്രകാരം കേരള ലളിതകലാ അക്കാദമിയും പുരോഗമന കലാസാഹിത്യ സംഘവും ചേർന്നാണ് നൂറ്റാണ്ട് പിന്നിട്ട വിപ്ലവ ജീവിതം വരച്ചിട്ടത്. ഒരു സമര നൂറ്റാണ്ടിന്‍റെ കഥപറയുന്നതാണ് വേലിക്കകത്ത് വീട്. അവസാന യാത്രയിലും അൽപം ഇവിടെ വിശ്രമിച്ചാണ് വിഎസ് മടങ്ങിയത്.
പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിൽ ദീപശിഖ തെളിക്കുന്നത്, വി എസിന്‍റെ മതികെട്ടാൻ സന്ദർശനം, ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുന്ന നേതാവ്, ജീപ്പിന് മുകളിൽ നിന്ന് തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കുന്ന വിഎസ്, എകെജിക്കും അഴീക്കാടൻ രാഘവനു മൊപ്പം ജാഥ നയിക്കുന്നത്, ഇ എം എസ്, നായനാർ എന്നിവർക്കൊപ്പം ജാഥ നയിക്കുന്നത്, പാർട്ടി യോഗത്തിൽ പ്രസംഗിക്കുന്നത്, മുഖ്യമന്ത്രിയായിരുന്നപ്പോഴുള്ള വിഎസ് അങ്ങനെ വി എസ് എന്ന കമ്യൂണിസ്റ്റ് ജീവിതത്തെ അടയാളപ്പെടുത്തുന്നതാണ് ഈ ചിത്രങ്ങൾ. അഞ്ചു കലാകാരൻമാർ ചേർന്ന് ഒരാഴ്ചകൊണ്ടാണ് വേലിക്കകത്ത് വീടിന്‍റെ മതിലിൽ ചരിത്രം വരച്ചിട്ടത്