ടെലിവിഷൻ തലയിൽ ചുമന്ന് വീട് വീടാന്തരം കയറിയിറങ്ങി പ്രചാരണം നടത്തുന്ന എലിക്കുളത്തെ മാത്യൂസ് പെരുമനങ്ങാട് തെരഞ്ഞെടുപ്പ് രംഗത്ത് ശ്രദ്ധേയനാകുന്നു: കഴിഞ്ഞ 2 തവണ വിജയിച്ചത് ചിഹ്നം ചുമന്ന് വോട്ട് പിടിച്ചതിനാൽ.




കോട്ടയം: ചേട്ടന്മാരേ… ചേച്ചിമാരേ തലയിലോട്ടാണ് ഇരിക്കുന്നത്. മറക്കരുത് നമ്മുടെ ചിഹ്നമാണ് തലയിലിരിക്കുന്നത്.
തെരഞ്ഞെടുപ്പു പ്രചരണരംഗത്ത് ഇക്കുറിയും വ്യത്യസ്തനാവുകയാണ് കോട്ടയം എലിക്കുളം പഞ്ചായത്ത് അഞ്ചാം വാര്ഡിലെ യുഡിഎഫ് സ്ഥാനാര്ഥിയായ മാത്യൂസ് പെരുമനങ്ങാട്. തന്റെ തെരഞ്ഞെടുപ്പ് അടയാളമായ ടെലിവിഷൻ തലയിൽ ചുമന്നുകൊണ്ടാണ് ഇദ്ദേഹം വീടുകൾ കയറി വോട്ടഭ്യർഥിക്കുന്നത്.സ്ഥാനാർഥി പ്രചാരണ രംഗത്താണെങ്കിലും തലയിൽ ചിഹ്നമായ ടെലിവിഷനുണ്ട്. 2015-ൽ ആദ്യമായി ബൾബ് ചിഹ്നത്തിൽ മത്സരിച്ച്‌ ജയിച്ച വാർഡിലാണ് ഇക്കുറി മാത്യൃസ് പെരുമനങ്ങാടന് അങ്കത്തിനിറങ്ങുന്നത്.

ആദ്യ തെരഞ്ഞെടുപ്പിൽ ലഭിച്ച ചിഹ്നമായ ബൾബു കൈയിൽ പിടിച്ചായിരുന്നു അന്ന് വോട്ടഭ്യർഥന. 2020 ൽ പഞ്ചായത്തിലെ വട്ടന്താനം വാർഡിൽ അങ്കത്തിനിറങ്ങിയപ്പോൾ ചിഹ്നം ഫുട്ബോളായിരുന്നു. അന്ന് ഫുട്ബോൾ കൈയിൽ പിടിച്ചായിരുന്നു പ്രചാരണം.കഴിഞ്ഞ രണ്ടു തവണ കൈയിൽ ചിഹ്നങ്ങളുമായി വീടുകയറി വിജയിച്ച്‌ മെമ്പറായ മാത്യൂസ് ഇക്കുറി ചിഹ്നം ടെലിവിഷനായതോടെ തലയിൽ ചുമന്നാണ് വീടുകയറ്റം. .അഞ്ചാം വാർഡിലെ 450 തോളം വീടുകളിലും ടെലിവിഷൻ തലയിലേന്തി മാത്യുസ്‌എത്തുന്നുണ്ട്. ചിഹ്നവുമായി വീട് കയറുന്നതിന്റെ കാര്യവും മാത്യൂസ് പറഞ്ഞു. വ്യത്യസ്ത ചിഹ്നങ്ങൾ വോട്ടറുമാരുടെ മനസിൽ ആഴത്തിൽ പതിയും.അവരുടെ മനസിൽ നിന്നു ചിഹ്നം മായുകയില്ല. ഇതാണ് ചിഹ്നവുമായുള്ള പ്രചാരണത്തിന്റെ ലക്ഷ്യം. വിൽസൺ മാത്യുവാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർഥി. ജേക്കബ് കാഞ്ഞിരത്തിങ്കൽ ബിജെപി. സ്ഥാനാർഥിയായും ഒരു സ്വതന്ത്രനും മത്സര രംഗത്തുണ്ട്.


Previous Post Next Post