ഭരതൻ എസ്ഐ, എന്നെ അറസ്റ്റുചെയ്യൂ…’ ആറാം തമ്പുരാൻ ഡയലോഗ് പോലെ രാഹുൽ ഈശ്വറിൻ്റെ അറസ്റ്റ്!! ഒടുവിൽ റിമാൻഡും


whatsapp sharing button
facebook sharing button
twitter sharing button
sharethis sharing button

ഇക്കഴിഞ്ഞ നാലഞ്ചു ദിവസങ്ങളായി അതിപ്രധാനമായ ഏതോ കണ്ടുപിടുത്തം നടത്തിയ മട്ടിലായിരുന്നു രാഹുൽ ഈശ്വറിൻ്റെ പ്രകടനം. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതി വിവാഹിതയാണെന്നും ആ ബന്ധം ഡിവോഴ്സ് ചെയ്തിട്ടില്ല എന്നതുമായിരുന്നു അദ്ദേഹത്തിൻ്റെ വെളിപാട്. ചാനലായ ചാനലുകളിലെല്ലാം പോയിരുന്നും, തന്നെ വന്നുകണ്ട മാധ്യമങ്ങളോടും ഈ സുപ്രധാന വിശേഷം അദ്ദേഹം വിളമ്പി.

“ഞാനീ പറയുന്നതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ കേരള പൊലീസ് എന്നെ അറസ്റ്റു ചെയ്യണം”, ഈ ഡയലോഗ് ഇവിടെയെല്ലാം പുട്ടിനു പീര പോലെ പ്രയോഗിച്ചു. പരാതിക്കാരിയുടെ ഭർത്താവ് ഒരു പാർട്ടിയുടെ നേതാവാണെന്നും അതേത് പാർട്ടിയാണെന്ന് പറയുന്നില്ലെന്നും പലവട്ടം പറഞ്ഞു. ഇതിനെല്ലാം പുറമെ ഒരു ചാനൽ ചർച്ചക്കിടെ പരാതിക്കാരിയുടെ ഫോട്ടോ അവതാരകയുടെ ഫോണിലേക്ക് അയക്കുകയും അത് വിളിച്ചുപറയുകയും ചെയ്തു.

വിവാഹബന്ധം നിലനിൽക്കെയാണ് പരാതിക്കാരി രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധം പുലർത്തിയതെന്നും, ഇങ്ങനെ ഭർത്താവിനെ ചതിച്ചുവെന്നും, ഇപ്പോൾ രാഹുലിനെയും ചതിച്ചു എന്നതുമായിരുന്നു യുക്തി. രാഹുൽ ഈശ്വർ തുടങ്ങിവച്ച ഈ വാദം ഏറ്റെടുത്താണ് സോഷ്യൽ മീഡിയയിൽ ഒട്ടേറെപ്പേർ പരാതിക്കാരിക്ക് എതിരായ പ്രചാരണം കൊഴുപ്പിച്ചത്. എന്നാൽ  അറസ്റ്റ് ഉണ്ടായതോടെ പലരും പോസ്റ്റുകൾ മുക്കി പിൻവാങ്ങിയിട്ടുണ്ട്.

Previous Post Next Post