രാഹുല്‍ മാങ്കുട്ടത്തിലിനെതിരായ ലൈംഗിക അതിക്രമ കേസ്:ശബരിമല സ്വർണക്കൊള്ള ചർച്ച വഴിതിരിച്ച് വിടാനുള്ള നീക്കം വിജയിച്ചു:രാഹുലിന്റെ അറസ്റ്റ് വൈകിയത് രാഷ്ട്രീയ താൽപര്യമാണെന്നത് സംശയമില്ലന്ന് വി ഡി സതീശൻ





തിരുവനന്തപുരം : രാഹുല്‍ മാങ്കുട്ടത്തിലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നിൽ ശുദ്ധരാഷ്ട്രതാൽപര്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. 

യുവതി പരാതി നല്‍കുമെന്ന വിവരം മുമ്പേ അറിഞ്ഞിട്ടും പൊലീസും സർക്കാരും രാഹുലിന്റെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാത്തതെന്താണെന്ന് അദ്ദേഹം ചോദിച്ചു.

ഒരു സ്പെഷല്‍ ബ്രാഞ്ച് പോലീസുകാരന് പോലും രാഹുല്‍ മാങ്കുട്ടത്തിലിനെ അറസ്റ്റ് ചെയ്യാവുന്ന സാഹചര്യമുണ്ടായിരുന്നുവെങ്കിലും അത് ഭരണകൂടത്തിന് ലക്ഷ്യമല്ലായിരുന്നുവെന്നായിരുന്നു സതീശന്റെ വിമർശനം.


തിരഞ്ഞെടുപ്പ് കാലത്ത് ശബരിമല സ്വർണക്കൊള്ള പ്രശ്നത്തിൽ നിന്ന് പൊതുചർച്ചയെ മാറ്റുവാനായിരുന്നു ഈ നീക്കങ്ങൾ എന്ന് അദ്ദേഹം ആരോപിച്ചു.

കോൺഗ്രസ്സ് രാഹുലിനെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സമാന കേസുകളിൽ പ്രതികളായ സിപിഎം നേതാക്കൾക്കെതിരെ പാർട്ടി ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നുമാണ് സതീശൻ ചൂണ്ടിക്കാട്ടിയത്. 

മുകേഷ് എംഎൽഎയെയും പത്മകുമാറിനെയും പുറത്താക്കാൻ സിപിഎമ്മിന് ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.ശബരിമല സ്വർണക്കൊള്ളക്കേസിൽ ഹൈക്കോടതി വ്യാഴാഴ്ച നടത്തിയ പരാമർശങ്ങൾ ഗുരുതരമാണെന്നും കൊള്ളക്കേസിന് പിന്നിലെ വൻതോക്കുകൾ പുറത്തുവരാനുണ്ടെന്ന ഹൈക്കോടതിയുടെ നിരീക്ഷണം അന്വേഷണം ശക്തിപ്പെടുത്തേണ്ടതിന്റെ തെളിവാണെന്നും സതീശൻ പറഞ്ഞു.

Previous Post Next Post