എന്നെ അന്ധനെപോലെയാക്കി എന്നും മുഖം മറച്ചത് ജനാധിപത്യവിരുദ്ധം; പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ സ്പീക്കർ എ എൻ ഷംസീർ


പ്ലക്കാർഡുകൾ ഉയർത്തിയും മുഖം മറച്ചുകൊണ്ടുമുള്ള പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ സ്പീക്കർ എ എൻ ഷംസീർ. സ്പീക്കറുടെ ഡയസിലേക്ക് കയറിയുള്ള പ്രതിഷേധം അങ്ങേയറ്റം ദൗർഭാഗ്യകരമാണ് എന്നും ജനാധിപത്യത്തെക്കുറിച്ച് പ്രസംഗിക്കുന്ന പ്രതിപക്ഷം മര്യാദ പാലിക്കണമെന്നും സ്പീക്കർ പറഞ്ഞു. തന്നെ അന്ധനെപോലെയാക്കി എന്നും മുഖം മറച്ചത് ജനാധിപത്യവിരുദ്ധമെന്നും സ്പീക്കർ പറഞ്ഞു. വാച്ച് ആൻഡ് വാർഡുമാർ ഒന്നും ചെയ്തിട്ടില്ല എന്നും വേണമെങ്കിൽ തനിക്ക് അവരോട് നിർദ്ദേശം  നൽകാമായിരുന്നുവെന്നും സ്പീക്കർ വ്യക്തമാക്കി.

എന്നാൽ വാച്ച് ആൻഡ് വാർഡുമാർ തങ്ങളുടെ ബാനറുകളും മറ്റും പിടിച്ചുമാറ്റിയെന്നും അവർ തങ്ങളെ പ്രകോപിപ്പിച്ചു എന്ന വാദത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉറച്ചുനിന്നു. ജനാധിപത്യപരമായിരുന്നു സഭയിലെ പ്രതിപക്ഷ സമരം. എസ്ഐടി യുടെ വീഴ്ച്ചയിൽ  സർക്കാരിന് പങ്കുണ്ട്. ഇതിനു മുൻപുള്ള സ്പീക്കർമാർ പ്രതിഷേധമുണ്ടാകുമ്പോൾ രണ്ടുഭാഗവും കേൾക്കാറുണ്ട്. എന്നാൽ പ്രതിപക്ഷ സമരത്തെ വെല്ലുവിളിക്കുകയാണ് ഈ സ്പീക്കർ എന്നും സതീശൻ ആരോപിച്ചു. പിന്നാലെ സഭ ബഹിഷ്കരിച്ച് പ്രതിപക്ഷ അംഗങ്ങൾ പുറത്തേക്കിറങ്ങി.

 വലിയ പ്രതിഷേധമാണ് സഭയ്ക്കകത്ത് ശബരിമല സ്വർണക്കൊള്ളയിൽ പ്രതിപക്ഷം അഴിച്ചുവിട്ടത്. പ്ലക്കാർഡുകളുമായി പ്രതിപക്ഷ എംഎൽഎമാർ സ്പീക്കറുടെ ഡയസിനു മുമ്പിൽ പ്രതിഷേധിച്ചു. ബാനർ താഴ്ത്തിയില്ലെങ്കിൽ പിടിച്ചുമാറ്റുമെന്ന് സ്പീക്കർ മുന്നറിയിപ്പ് നൽകിയെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടർന്നു. ഇതിനിടെ ഡയസിന് മുകളിലേക്ക് ചാടിക്കടക്കാൻ ചില പ്രതിപക്ഷ എംഎൽഎമാർ ശ്രമിച്ചു. ടി വി ഇബ്രാഹിം, സനീഷ് കുമാർ ജോസഫ്, അൻവർ സാദത്ത് എന്നിവരാണ് ചാടിക്കടക്കാൻ ശ്രമിച്ചത്. ഇത് വാച്ച് ആൻഡ് വാർഡുമാർ തടഞ്ഞു. പിന്നാലെ പ്രതിപക്ഷ അംഗങ്ങൾ തിരികെ സീറ്റുകളിലേക്ക് മടങ്ങിയെത്തി. ഇതിനിടെ സ്പീക്കർ എഴുന്നേറ്റുപോയി.

Previous Post Next Post