കയ്യാർ കണ്ണങ്കാടിയിലെ മുഹമ്മദിന് ഇനി ആശങ്ക വേണ്ട. മുഹമ്മദ്‌ ഇന്ത്യൻ പൗരൻ തന്നെ. മുഹമ്മദ് ഇന്ത്യൻ പൗരനല്ലെന്നും വോട്ടർ പട്ടികയിൽനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ പരാതി അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തി വോട്ടവകാശം സാധുവാക്കി. താൻ ഇന്ത്യൻ പൗരൻ അല്ലെന്നു അറിയിച്ചതോടെ ഏറെ വിഷമത്തിലായെന്ന് മുഹമ്മദ്‌ പ്രതികരിച്ചിരുന്നു.

 അതേ സമയം, ഇന്ത്യൻ പൗരത്വമില്ലെന്നാരോപിച്ച് പൈവളിക സ്വദേശി മുഹമ്മദിനെതിരെ പരാതി നൽകിയ ബിജെപി നേതാവിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കലക്ടർ കെ.ഇമ്പശേഖർ അറിയിച്ചു . മുഹമ്മദിന്റെ പേര് നിലവിലെ പട്ടികയിൽ നിലനിർത്താൻ തിരഞ്ഞെടുപ്പ് റജിസ്ട്രേഷൻ ഓഫിസർ ഉത്തരവിട്ടു. മഞ്ചേശ്വരം പൈവളിക സ്വദേശി മുഹമ്മദിന്റെ പേര് വോട്ടർപട്ടികയിൽനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഫോം–7 പ്രകാരം ബിജെപി ജില്ലാ സെക്രട്ടറി ലോകേഷ് ലോണ്ട നൽകിയ പരാതിക്കു പിന്നാലെയാണ് നടപടി. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ പൈവളികെ പ്രദേശവുമായി ബന്ധപ്പെട്ട് “ഇന്ത്യൻ പൗരത്വമില്ല” എന്നാരോപിച്ച് മുഹമ്മദ് എന്ന വ്യക്തിയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഫോം–7 പ്രകാരം സമർപ്പിച്ച പരാതിയിൽ ഇന്ന് നിയമാനുസൃതമായ ഹിയറിംഗ് നടത്തിയെന്ന് കളക്ർ അറിയിച്ചു.പരാതിക്കാരൻ ഹിയറിംഗിൽ ഹാജരായെങ്കിലും, തന്റെ ആരോപണത്തെ പിന്തുണയ്ക്കുന്ന യാതൊരു രേഖാപരമായ തെളിവും സമർപ്പിക്കാനായില്ല. ഹിയറിംഗിൽ നടത്തിയ രേഖാപരിശോധനയും വിവരശേഖരണവും അടിസ്ഥാനമാക്കി സമർപ്പിച്ച പരാതി അസത്യവും, അടിസ്ഥാനരഹിതവും ആണെന്ന് കണ്ടെത്തി. അതിനാൽ മുഹമ്മദിന്റെ പേര് നിലവിലെ തിരഞ്ഞെടുപ്പ് പട്ടികയിൽ നിലനിർത്താൻ തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർ (ERO) ഉത്തരവിട്ടു