വീഴ്ച പറ്റി, ശസ്ത്രക്രിയ നടത്തിയത് ഡോക്ടര്‍ ഷാഹിദ; അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ച് ആലപ്പുഴ മെഡിക്കല്‍ കോളജ്




ആലപ്പുഴ: വീട്ടമ്മയുടെ വയറിനുള്ളില്‍ ശസ്ത്രക്രിയ ചെയ്യാനുപയോഗിക്കുന്ന കത്രിക കുടുങ്ങിയ സംഭവത്തില്‍ നാലംഗ അന്വേഷണ സമിതിയെ നിയോഗിച്ച് ആലപ്പുഴ മെഡിക്കല്‍ കോളജ്. ആര്‍എംഒ ഡോക്ടര്‍ ലക്ഷ്മിയുടെ നേതൃത്വത്തില്‍, സര്‍ജറി വിഭാഗം മേധാവി ഡോ. സജികുമാര്‍, ഗൈനക്കോളജി വിഭാഗം പ്രൊഫസര്‍ അനസൂയ, ഫോറന്‍സിക് വിഭാഗത്തിലെ ഡോക്ടര്‍ രാഖിന്‍ എന്നിവരടങ്ങുന്ന സമിതിയെയാണ് നിയോഗിച്ചിട്ടുള്ളത്. ഒരു മണിക്കൂറിനു ള്ളില്‍ തന്നെ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്ന തെന്നും വണ്ടാനം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ പത്മകുമാര്‍ അറിയിച്ചു.

രാവിലെ തന്നെ പ്രിന്‍സിപ്പലും സൂപ്രണ്ടും ആര്‍എംഒയും അടങ്ങുന്ന സമിതി, പ്രാഥമിക അന്വേഷണം നടത്തുകയും കേസ് ഷീറ്റ് അടക്കം പരിശോധിക്കുകയും ലഭ്യമായ വിവരങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണത്തിനായിട്ടാണ് ആര്‍എംഒ ഡോക്ടര്‍ ലക്ഷ്മിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചിട്ടുള്ളതെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറഞ്ഞു. സംഭവത്തില്‍ വീഴ്ച പറ്റിയിട്ടുണ്ട്. അതിനെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള നടപടികള്‍ ഉറപ്പായും സ്വീകരിക്കുമെന്ന് കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു.

ശസ്ത്രക്രിയയില്‍ പങ്കെടുത്തവരില്‍ നിലവില്‍ സര്‍വീസില്‍ ഉള്ളവരും വിരമിച്ചവരും ഉള്‍പ്പെടുന്നു. ശസ്ത്രക്രിയ നടത്തിയത് ഡോക്ടര്‍ ലളിതാംബികയുടെ യൂണിറ്റാണ്. ആ യൂണിറ്റിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഷാഹിദയുടെ നേതൃത്വത്തിലാണ് സര്‍ജറി നടത്തിയതെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു. ഡോ. ഷാഹിദ ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലില്‍ ഇല്ല. അവര്‍ സ്ഥലംമാറിപ്പോയെന്നും, എന്നാല്‍ ഇപ്പോഴും സര്‍ക്കാര്‍ സര്‍വീസില്‍ ഉണ്ടെന്നും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഹരികുമാറും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

ഗര്‍ഭപാത്രത്തിലെ മുഴയുമായി ബന്ധപ്പെട്ടാണ് ഉഷ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വരുന്നത്. 12. 05.2021 നാണ് ശസ്ത്രക്രിയ നടത്തിയത്. രണ്ടു ദിവസം കൂടി ആശുപത്രിയില്‍ കിടന്നതിനുശേഷമാണ് അവര്‍ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ പോയത്. പിന്നീട് അവര്‍ ചികിത്സയ്ക്കായി എത്തിയതായി രേഖകളില്‍ കണ്ടെത്താനായിട്ടില്ല. അടുത്തിടെ യൂറിനറി പ്രോബ്ലവുമായി ബന്ധപ്പെട്ട് എക്‌സ്‌റേ എടുത്തപ്പോഴാണ് ശസ്ത്രക്രിയാ ഉപകരണം ഉള്ളതായി കണ്ടെത്തുന്നതെന്നാണ് മനസ്സിലാക്കുന്നത്.ഇന്നലെ രോഗിയായ ഉഷ ഗൈനക്കോളജി വിഭാഗം മേധാവിയെ വന്നു കണ്ടിരുന്നു. ഈ സംഭവം മനസ്സിലാക്കിയതോടെ വേണ്ട പരിശോധനകള്‍ നടത്തി. ഇന്നലെത്തന്നെ അഡ്മിറ്റ് ആകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വീട്ടിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മടങ്ങുകയാണ് ചെയ്തതെന്ന് സൂപ്രണ്ട് ഡോക്ടര്‍ ഹരികുമാര്‍ പറഞ്ഞു. വളരെ നിര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. ആളുകള്‍ക്കിടയില്‍ ഈ സംഭവം വളരെ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്ന് മനസ്സിലാക്കുന്നു. അതിനാല്‍ തന്നെ വളരെ ഗൗരവത്തോടെ തന്നെയാണ് കാണുന്നതെന്നും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും സൂപ്രണ്ടും വ്യക്തമാക്കി.

വണ്ടാനം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ വാർത്താസമ്മേളനത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി ഇരച്ചു കയറി. ഡോക്ടർമാരുടെ മുഖം മറച്ച് മേശപ്പുറത്ത് കയറി ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ, ജില്ലാ പ്രസിഡന്റ്‌ പ്രവീൺ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അവരെ പൊലീസ് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കി. ഇതിനിടെ ബിജെപി യുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജിന് പുറത്തും പ്രതിഷേധം നടക്കുകയാണ്.

Previous Post Next Post