കോട്ടയം പുതുപ്പള്ളി കൈതേപ്പാലത്ത് ബാറിനുള്ളിൽ തോക്ക് ചൂണ്ടി ഭീഷണി;അയർക്കുന്നത്തെ ബിജെപി നേതാവിന്റെ മകനുൾപ്പെടെ മൂന്നു പേർ ഈസ്റ്റ് പൊലീസിന്റെ കസ്റ്റഡിയിലെന്ന് സൂചന




കോട്ടയം: പുതുപ്പള്ളി കൈതേപ്പാലത്തെ ബാറിനുള്ളിൽ തോക്ക് ചൂണ്ടി ഭീഷണി മുഴക്കി അക്രമി സംഘം. ഏറ്റുമാനൂർ, അയർക്കുന്നം സ്വദേശികളായ മൂന്നു പേരെ കസ്റ്റഡിയിൽ എടുത്ത് കോട്ടയം ഈസ്റ്റ് പൊലീസ്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. പുതുപ്പള്ളി കൈതേപ്പാലത്തെ ബാറിലാണ് രാത്രിയിൽ അക്രമി സംഘം എത്തിയത്. തുടർന്ന്, ഇവർ മദ്യം ആവശ്യപ്പെട്ടു. എന്നാൽ, മദ്യം നൽകാനാവില്ലെന്ന് സെക്യൂരിറ്റി ജീവനക്കാരൻ നിലപാട് എടുത്തു. ഇതോടെ കയ്യിൽ കരുതിയിരുന്ന എയർ പിസ്റ്റൽ ഇവർ സെക്യൂരിറ്റി ജീവനക്കാരന് നേരെ ചൂണ്ടുകയായിരുന്നു. തുടർന്ന് സെക്യൂരിറ്റി ജീവനക്കാരൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ പ്രതികൾ സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ടു. തുടർന്ന് പൊലീസ് സംഘം പിൻതുടർന്ന് പ്രതികളെ പിടികൂടുകയായിരുന്നു. അയർക്കുന്നത്തെ ബിജെപി നേതാവിന്റെ മകനാണ് പിടിയിലായതിൽ ഒരാൾ എന്നാണ് ലഭിക്കുന്ന വിവരം. കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല 


 ഇവരുടെ കൈവശമുണ്ടായിരുന്നത് എയർ പിസ്റ്റലാണ് എന്നും പൊലീസ് വിവരം നൽകിയിട്ടുണ്ട്. സംഭവത്തിൽ കസ്റ്റഡിയിലായ പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. തോക്ക് ചൂണ്ടുക മാത്രമല്ല പ്രതികൾ വെടി ഉതിർക്കുകയും ചെയ്തതായും ആരോപണവുണ്ട്.

Previous Post Next Post