പത്തനംതിട്ട: 12 വയസ്സുകാരനെ കഞ്ചാവ് നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതി റിമാൻഡിൽ. കുട്ടിയുമായി സൌഹൃദം സ്ഥാപിക്കുകയും കഞ്ചാവ് ബീഡി വലിക്കാൻ നിർബന്ധിക്കുകയും ചെയ്ത ശേഷം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. നാരങ്ങാനം തോന്നിയാമല സ്വദേശി അശ്വിൻ രാജ് (22) ആണ് അറസ്റ്റിൽ ആയത്. പ്രതിയെ മലയാലപ്പുഴ പൊലീസാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസമാണ് കേസിന് ആസ്പദമായ സംഭവം. കുട്ടിയുമായി പരിചയം സ്ഥാപിച്ച ഇയാൾ പലതവണയായി കുട്ടിക്ക് കഞ്ചാവ് ബീഡി നൽകുകയും വലിക്കാൻ നിർബന്ധിക്കുകയും ചെയ്തെന്നാണ് പരാതി. കുട്ടിയെ മൊബൈലിൽ അശ്ലീല വീഡിയോകൾ കാണിക്കുകയും ലൈംഗിക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. ഈ വിവരം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പല തവണ കഞ്ചാവ് ബീഡി ഉപയോഗിച്ചതോടെ കുട്ടിക്ക് ശാരീരിക അസ്വസ്ഥതകളും കഠിനമായ തലവേദനയും ഉണ്ടായി.


കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ ചികിത്സയിൽ ഡോക്ടറോടാണ് കുട്ടി കഞ്ചാവ് ഉപയോഗിച്ച കാര്യം പറഞ്ഞത്. ആശുപത്രിയിൽ നിന്നും വിവരമറിയിച്ച പ്രകാരം കേസടുത്ത പൊലീസ് അടുത്ത ദിവസം തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടു പോകൽ , ഭീഷണിപ്പെടുത്തൽ, കുട്ടികൾക്ക് ലഹരി മരുന്ന് നൽകൽ , കുട്ടികളോടുള്ള ലൈംഗിക അതിക്രമം തടയൽ ഉൾപ്പെടെ ഉള്ള  വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.