
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അമ്മയ്ക്ക് കൂട്ടുവന്ന 12 വയസ്സുകാരിയെ ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഒൻപത് വർഷം കഠിനതടവ്. പുന്നപ്ര സ്വദേശി അരുണിനെയാണ് (28) ഹരിപ്പാട് പോക്സോ കോടതി ശിക്ഷിച്ചത്. തടവിന് പുറമെ 70,000 രൂപ പിഴയും പ്രതി കൊടുക്കണം.
ഹരിപ്പാട് പോക്സോ കോടതി ജഡ്ജി ഹരീഷ് ജി ആണ് വിധി പ്രസ്താവിച്ചത്. ശിക്ഷാ നടപടികൾക്ക് പുറമെ പിഴത്തുക അടയ്ക്കാത്ത പക്ഷം പ്രതി അധിക തടവ് അനുഭവിക്കേണ്ടി വരും. 2024 മെയ് 13-നായിരുന്നു കേസിനാസ്പദമായ സംഭവം. വണ്ടാനം മെഡിക്കൽ കോളേജിലെ പന്ത്രണ്ടാം വാർഡിൽ ചികിത്സയിലായിരുന്ന അമ്മയ്ക്കൊപ്പമാണ് പെൺകുട്ടി ആശുപത്രിയിലെത്തിയത്.
രാവിലെ 11 മണിയോടെ പെൺകുട്ടി ബാത്റൂമിൽ കയറിയ സമയം പിന്തുടർന്നെത്തിയ പ്രതി, വാതിൽ തള്ളിത്തുറന്ന് അകത്തുകയറി കുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് പോലീസ് കേസ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്. രഘു കോടതിയിൽ ഹാജരായി. ശാസ്ത്രീയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. പിഴത്തുകയിൽ നിന്ന് ഒരു ഭാഗം ഇരയായ പെൺകുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.