കൊച്ചി: നിയമ വിദ്യാർത്ഥിനിയെ നടുറോഡിൽ അപമാനിക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത കേസിൽ യുവാവ് പിടിയിൽ. മൂവാറ്റുപുഴ ആനിക്കാട് സ്വദേശി ശശികല ഭവനിൽ അശ്വിൻ രാജീവിനെയാണ് (22) എടത്തല പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഏപ്രിൽ 22-നായിരുന്നു കേസിനാസ്പദമായ സംഭവം. ഉച്ചയ്ക്ക് 1.30-ഓടെ മണലിമുക്ക്-തേവക്കൽ റോഡിലൂടെ നടന്നുപോവുകയായിരുന്നു വിദ്യാർത്ഥിനി. ഈ സമയം ഇലക്ട്രിക് സ്കൂട്ടറിലെത്തിയ പ്രതി പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയും കടന്നുപിടിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഭയന്നുപോയ വിദ്യാർത്ഥിനി ധൈര്യം സംഭരിച്ച് സ്കൂട്ടറിന്റെ നമ്പർ ഉൾപ്പെടെ രേഖപ്പെടുത്തി എടത്തല പോലീസിൽ പരാതി നൽകി. എടത്തല പഞ്ചായത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചു. സ്കൂട്ടർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി അശ്വിൻ രാജീവിനെ പോലീസ് തിരിച്ചറിഞ്ഞതും പിടികൂടിയതും.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, നഗ്നതാ പ്രദർശനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ആലുവ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നഗരത്തിൽ സമാനമായ രീതിയിൽ ഇയാൾ മറ്റ് അതിക്രമങ്ങൾ നടത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.