ഈസ്റ്ററും ആഘോഷവും പ്രമാണിച്ച് ബീഫിന് 500 രൂപയാക്കി വർദ്ധിപ്പിച്ച ഇറച്ചിക്കടകൾക്ക് എതിരെ നടപടി, മണർകാട് ,കോട്ടയം എന്നിവിടങ്ങളിലെ യൂദാ മീറ്റ്സ് യൂത്ത് കോൺഗ്രസ്സ് പ്രതിഷേധത്തെ തുടർന്ന് അടപ്പിച്ചു


കോട്ടയം: ഈസ്റ്ററും ആഘോഷവും പ്രമാണിച്ച് ബീഫിന് 500 രൂപയാക്കി വർദ്ധിപ്പിച്ച ഇറച്ചിക്കടകൾക്ക് എതിരെ നടപടിയുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. മണർകാട്ട് യൂദാ മീറ്റ്സ് എന്ന ഇറച്ചിക്കടയ്ക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെ തുടർന്നാണ് നടപടിയെടുത്തത്. ഈ ഇറച്ചിക്കട അടച്ചു പൂട്ടുകയും ചെയ്തു. കോട്ടയം നഗരത്തിൽ ശാസ്ത്രി റോഡിൽ പ്രവർത്തിക്കുന്ന യൂദാ മീറ്റ്സിനെതിരെ കോട്ടയം നഗരസഭയാണ് നടപടിയെടുത്തിരിക്കുന്നത്. 

ഇന്ന് ഉച്ചയോടെയാണ് കോട്ടയം മണർകാട് പ്രവർത്തിക്കുന്ന യൂദാ മീറ്റ്സിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയത്. ഇവിടെ എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും കട ഉടമയും തമ്മിൽ തർക്കവും സംഘർഷവും ഉണ്ടായി. 460 രൂപ വിലയുള്ള ബീഫ് 500 രൂപയ്ക്ക് ഇന്ന് രാവിലെ മുതൽ വിറ്റതിനെച്ചൊല്ലിയായിരുന്നു തർക്കമുണ്ടായത്. തുടർന്ന് തർക്കം രൂക്ഷമായതോടെ മണർകാട് പൊലീസ് സംഘവും, മണർകാട് പഞ്ചായത്ത് ആരോഗ്യ വിഭാഗം അധികൃതരും സ്ഥലത്ത് എത്തി. തുടർന്ന്, ബീഫ് വിൽക്കുന്ന യൂദാ മീറ്റ്സ് വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവർത്തിക്കുന്നത് എന്ന് ചൂണ്ടിക്കാട്ട് അടച്ചു പൂട്ടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കോട്ടയം നഗരസഭ അധികൃതർ ശാസ്ത്രി റോഡിലെ യൂദാ മീറ്റ്സിലും പരിശോധന നടത്തിയത്.  ഇവിടെ പരിശോധന നടത്തിയ നഗരസഭ അധികൃതർ 500 രൂപയ്ക്ക് ബീഫ് വിൽക്കുകയാണ് എന്ന് ചൂണ്ടിക്കാട്ടി യൂദാ മീറ്റ്സിന് നോട്ടീസ് നൽകുകയായിരുന്നു. തുടർന്ന് സ്ഥാപനത്തിന് എതിരെ നഗരസഭ നടപടിയും എടുത്തു. 

അതേ സമയം കടുത്ത വിമർശനവുമായി മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ രംഗത്ത് വന്നിട്ടുണ്ട് 

കന്നുകാലി ക്ഷാമം മൂലം ഇറച്ചി വിപണിയിൽ രൂപപ്പെട്ട സംഘർഷാവസ്ഥ ഇപ്പോൾ ഗുരുതര ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് ഈസ്റ്റർ ആഘോഷകാലത്ത് പ്രധാന വിഭവമായ ബീഫിന്റെ വിലയിൽ ഉണ്ടായ അപ്രതീക്ഷിത വർധനയാണ് പ്രശ്നത്തിന് തുടക്കമായത്.  കിലോയ്ക്ക് 460 രൂപയ്ക്ക് വിറ്റിരുന്ന ബീഫ് ഒരുദിവസം കൊണ്ട് 40 രൂപ വർധിപ്പിച്ച് 500 രൂപയാക്കിയതാണ് വ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയത്. മണർകാട് ഗ്രാമപഞ്ചായത്ത് ബീഫിന്റെ വില 460 രൂപയായി നിലനിർത്തണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ കന്നുകാലികളുടെ ലഭ്യത കുറഞ്ഞതിനാൽ ആ വിലയിൽ വിൽപ്പന നടത്തുന്നത് പ്രായോഗികമല്ലെന്ന് ചില വ്യാപാരികൾ പഞ്ചായത്തെ മുൻകൂട്ടി അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് വില 500 രൂപയായി വർധിപ്പിച്ചതിനെതിരെ പ്രതിഷേധം ഉയർന്നു.
Previous Post Next Post