
മണക്കടവ് കാരിക്കയം പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. വായിക്കമ്പ കറുകപ്പള്ളിയിൽ 70 -കാരനായ കൊച്ചുകുട്ടൻ എന്ന വിജയൻ ആണ് മരിച്ചത്.
ഇവിടെ ചെക്ക് ഡാം ഉള്ളതിനാൽ പുഴയിൽ വലിയതോതിൽ വെള്ളം ഉണ്ടായിരുന്നു. കുളിക്കുന്നതിനിടെ വിജയൻ പെട്ടെന്ന് ഒഴുക്കിൽപ്പെടുകയായിരുന്നു. വൈകിട്ട് മൂന്നോടെ ആയിരുന്നു സംഭവം.
സംഭവവിവരം അറിഞ്ഞ ഉടൻ നാട്ടുകാരും പൊലീസും തിരച്ചിൽ ആരംഭിച്ചു. തുടർന്ന് തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും സിവിൽ ഡിഫൻസ് വൊളന്റിയർമാരും ചേർന്ന് നടത്തിയ വ്യാപക പരിശോധനയ്ക്കൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളം കൂടുതലുള്ള പ്രദേശങ്ങളിൽ കുളിക്കുമ്പോൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്.