ഒരു തെരുവ് നായയുടെ ആക്രമണം നാടിനെ നടുക്കി. അമ്മയോടൊപ്പം വീട്ടുമുറ്റത്തിറങ്ങിയ നാല് വയസ്സുകാരനാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്.
കോടഞ്ചേരി നിരന്നപാറ ഉന്നതിയിൽ താമസിക്കുന്ന അരുണ്‍രാജിന്റെയും മണിമേഖലയുടെയും മകൻ അയാനെയാണ് നായ കടിച്ചു കീറിയത്. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ അമ്മയോടൊപ്പം കിണറ്റിന് സമീപത്തേക്ക് പോയിരിക്കെ അപ്രതീക്ഷിതമായി പാഞ്ഞെത്തിയ തെരുവ് നായ കുട്ടിയെ ആക്രമിക്കുകയായിരുന്നു.
കുട്ടിയുടെ കരച്ചിലും ബഹളവും കേട്ട് എത്തിയ നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം നടത്തി നായയെ അകറ്റി. എന്നാൽ ഇതിനകം തന്നെ തല, മുഖം, നെഞ്ച് ഭാഗങ്ങളിൽ ആഴത്തിലുള്ള കടിയേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ആക്രമണം നടത്തിയ നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തിയത് പ്രദേശത്ത് കൂടുതൽ ആശങ്കയ്ക്ക് ഇടയാക്കി. നായയുടെ ജഡം പൂക്കോട് വെറ്ററിനറി കോളേജിൽ പോസ്റ്റുമോർട്ടത്തിനായി അയച്ചെങ്കിലും, ജഡം ജീര്‍ണിച്ച നിലയിലായതിനാൽ വ്യക്തമായ പരിശോധനാഫലം ലഭിച്ചിട്ടില്ലെന്നാണ് വിവരം.
ഈ സംഭവം വീണ്ടും തെരുവ് നായ ആക്രമണങ്ങളെക്കുറിച്ചുള്ള ആശങ്ക ഉയർത്തുകയാണ്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തെരുവ് നായ നിയന്ത്രണത്തിനുമായി അടിയന്തര നടപടികൾ ആവശ്യമാണെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു