ആരും മുൻകൂട്ടി കാണാത്ത തരത്തിലുള്ള ചൂട് വർദ്ധനവ് ഉപഭോഗം കുത്തനെ കൂട്ടി. ആഗോള സാഹചര്യങ്ങളും പശ്ചിമേഷ്യയിലെ യുദ്ധവും വൈദ്യുതി വിപണിയെയും ഉപഭോഗത്തെയും ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം കൂടിയതും വൈദ്യുതി ആവശ്യകത ഉയരാൻ കാരണമായി. സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം കൂടിയതും വൈദ്യുതി ആവശ്യകത ഉയരാൻ കാരണമായി.
ഉൽപ്പാദന രംഗത്ത് സർക്കാർ ഒന്നും ചെയ്തില്ലെന്ന ആരോപണം ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. മുൻകൂട്ടി കണ്ടുള്ള പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. നിലവിൽ പുറത്തുനിന്ന് വൈദ്യുതി ലഭിക്കുന്നതോടെ പ്രതിസന്ധിക്ക് പരിഹാരമാകും. ഇന്ന് ഏകദേശം 200 മെഗാവാട്ട് വൈദ്യുതി അധികമായി ലഭിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റെഗുലേറ്ററി കമ്മീഷനുമായി ബന്ധപ്പെട്ട വിഷയങ്ങൾ പറയേണ്ട വേദിയിൽ പറയുമെന്നും ചില കാര്യങ്ങൾ പരസ്യമായി വെളിപ്പെടുത്താൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. നിലവിൽ ലോഡ് കൂടുതലുള്ള സ്ഥലങ്ങളിൽ മാത്രമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഇത് കേരളം മുഴുവൻ ബാധകമായ ലോഡ് ഷെഡ്ഡിങ് അല്ലെന്നും കൃഷ്ണൻകുട്ടി വ്യക്തമാക്കി. പ്രതിസന്ധി മറികടക്കാൻ ആവശ്യമായ വൈദ്യുതി വാങ്ങാനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുകയാണെന്നും അദ്ദേഹം ഉറപ്പുനൽകി.