മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം… മരിച്ചവരുടെ ഡിഎൻഎ ഫലം മറ്റന്നാൾ മുതൽ… പാറമേക്കാവ് ദേവസ്വം ലൈസൻസിക്കെതിരെ കേസ്


തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ ഡിഎൻഎ പരിശോധനാ ഫലങ്ങൾ മറ്റന്നാൾ മുതൽ ലഭിച്ചു തുടങ്ങുമെന്ന് തൃശ്ശൂർ ജില്ലാ കളക്ടർ അറിയിച്ചു. ഇതുവരെ 29 ശരീരഭാഗങ്ങളുടെ ഡിഎൻഎ സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചിട്ടുള്ളത്. ഇന്ന് തിരച്ചിലിൽ കണ്ടെത്തിയ തലയിൽ നിന്നുള്ള സാമ്പിളുകളും ശേഖരിക്കും.

മൊബൈൽ ഡിഎൻഎ യൂണിറ്റ് തൃശ്ശൂരിലെത്തിയതോടെ പരിശോധനയുടെ ആദ്യ രണ്ട് ഘട്ടങ്ങൾ ജില്ലയിൽ തന്നെ പൂർത്തിയാക്കാൻ സാധിക്കും. എന്നാൽ അന്തിമ ഫലം തിരുവനന്തപുരത്തെ ലാബിൽ നിന്ന് തന്നെയാകും വരിക. അപകടത്തിൽ ശരീരഭാഗങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം ചിന്നിച്ചിതറിയത് വലിയ പ്രതിസന്ധിയാണെന്ന് മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവി ഡോക്ടർ ഹിതേഷ് ശങ്കർ പറഞ്ഞു. ഇന്ന് കണ്ടെത്തിയ തല ഭാഗം കാണാതായ കോട്ടപ്പുറം സ്വദേശി ഗിരീഷിന്റേതാണെന്ന് സുഹൃത്തുക്കൾ തിരിച്ചറിഞ്ഞെങ്കിലും ഡിഎൻഎ ഫലത്തിന് ശേഷം മാത്രമേ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ.അനുവദിച്ചതിനേക്കാൾ കൂടുതൽ വെടിമരുന്ന് സൂക്ഷിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ലൈസൻസി ബിനോയ് ജേക്കബിനെതിരെ പോലീസ് കേസെടുത്തു. അപകടം നടന്ന വെള്ളാരം കടവിലെ പടക്ക നിർമ്മാണശാല പോലീസ് സീൽ ചെയ്തു. അതേസമയം, പോലീസിന്റെ ഈ നടപടിക്കെതിരെ പാറമേക്കാവ് ദേവസ്വം രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ സംഭവസ്ഥലം സന്ദർശിക്കുകയും സുരക്ഷാവീഴ്ചയുണ്ടായോ എന്ന് ഗൗരവമായി പരിശോധിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിക്കുമെന്ന് ഫോറൻസിക് വിഭാഗവും അറിയിച്ചു.

Previous Post Next Post