ലണ്ടൻ യുകെയിൽ മിനിമം വേതനത്തിൽ വർധനവ് ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്നു. പുതിയ നിരക്കുകൾ പ്രകാരം 21 വയസ്സിന് മുകളിലുള്ളവർക്ക് മണിക്കൂറിന് 12.71 പൗണ്ട് ലഭിക്കും. ഇതോടെ രാജ്യത്ത് ഏകദേശം 2.7 ദശലക്ഷം തൊഴിലാളികൾക്ക് ശമ്പള വർധന ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
18 നും 20 നും ഇടയിൽ പ്രായമുള്ള തൊഴിലാളികൾക്ക് മണിക്കൂറിന് 85 പെൻസ് വർധിച്ച് 10.85 പൗണ്ട് ആയി ഉയർന്നിട്ടുണ്ട്. അതേസമയം 18 വയസ്സിന് താഴെയുള്ളവർക്കും അപ്രന്റീസുകൾക്കും മണിക്കൂറിന് 45 പെൻസ് വർധിച്ച് 8 പൗണ്ട് ആയി.ഈ വർധനവിനെ തൊഴിൽ അവകാശ പ്രവർത്തകർ സ്വാഗതം ചെയ്തെങ്കിലും ഉയർന്ന വേതന ചെലവ് ബിസിനസുകൾക്ക് സമ്മർദ്ദമുണ്ടാക്കുമെന്നും ചില സ്ഥാപനങ്ങൾ മുന്നറിയിപ്പ് നൽകി.
ഇതിന്റെ ഫലമായി വില വർധനയോ തൊഴിലാളികളുടെ എണ്ണം കുറയുകയോ ചെയ്യേണ്ടി വരാമെന്നാണ് ആശങ്ക. വേതന വർധന ശുപാർശ ചെയ്‌ത ലോ പേ കമ്മീഷൻ മുൻകാല വർധനകൾ തൊഴിൽ മേഖലയെ ഗൗരവമായി ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. അതേസമയം കുറഞ്ഞ വേതനം ലഭിക്കുന്നവർക്ക് കൂടുതൽ പിന്തുണ നൽകാൻ സർക്കാർ ഇനിയും നടപടികൾ കൈക്കൊള്ളുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ പറഞ്ഞു.