‘പഴയ വീട്ടിലേക്ക് തിരിച്ചുപോകുന്നു’… എൽഡിഎഫ് വിട്ട് എം.കെ. വർഗീസ് കോൺഗ്രസിലേക്ക്…..

തൃശ്ശൂർ കോർപ്പറേഷൻ രാഷ്ട്രീയത്തിൽ നിർണ്ണായക വഴിത്തിരിവ്. ഇടതുപക്ഷ പിന്തുണയോടെ മേയറായ സ്വതന്ത്ര അംഗം എം.കെ. വർഗീസ് തന്റെ പഴയ തറവാടായ കോൺഗ്രസിലേക്ക് മടങ്ങുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാജൻ പല്ലന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച വർഗീസ്, കോൺഗ്രസിന് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കി.

കോൺഗ്രസിൽ നിന്ന് യാതൊരു വാഗ്ദാനവും വാങ്ങിയല്ല താൻ മടങ്ങുന്നതെന്ന് എം.കെ. വർഗീസ് പറഞ്ഞു. “പഴയ വീട്ടിലേക്ക് തിരിച്ചുപോകുന്നു, അത്രയേ ഉള്ളൂ” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത്തവണ യുഡിഎഫ് ഭരിക്കുമെന്നും കോൺഗ്രസ് ജയിക്കണമെന്നുമാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2020-ൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് വർഗീസ് നെട്ടിശ്ശേരിയിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചത്. എൽഡിഎഫും യുഡിഎഫും 24 സീറ്റുകൾ വീതം നേടി തുല്യനിലയിലായപ്പോൾ വർഗീസിന്റെ നിലപാട് നിർണ്ണായകമായി. അദ്ദേഹത്തെ മേയറാക്കാമെന്ന വ്യവസ്ഥയിൽ എൽഡിഎഫ് ഭരണം പിടിക്കുകയായിരുന്നു.

ഇടതുപക്ഷവുമായി ഭരണപരമായ ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അന്ന് സാഹചര്യങ്ങൾ അതായിരുന്നുവെന്നും വർഗീസ് വിശദീകരിച്ചു. നേരത്തെ പോലീസുകാർ തന്നെ സല്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടതും സുരേഷ് ഗോപിയെ പുകഴ്ത്തി സംസാരിച്ചതും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എം.കെ. വർഗീസിന്റെ മടക്കം തൃശ്ശൂർ മണ്ഡലത്തിൽ രാജൻ പല്ലന്റെ വിജയസാധ്യത വർദ്ധിപ്പിക്കുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. രാജൻ പല്ലൻ വൈകാതെ തന്നെ വർഗീസിന്റെ വീട്ടിലെത്തി ഔദ്യോഗികമായി പിന്തുണ സ്വീകരിക്കും.
Previous Post Next Post