കുംഭമേള വൈറൽ താരത്തിന്റെ വിവാദ വിവാഹം പുതിയ നിയമപോരാട്ടങ്ങളിലേക്ക്. കേസിൽ ഉൾപ്പെട്ട പെൺകുട്ടിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവുള്ളതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ






കുംഭമേള വൈറൽ താരത്തിന്റെ വിവാദ വിവാഹം പുതിയ നിയമപോരാട്ടങ്ങളിലേക്ക്. കേസിൽ ഉൾപ്പെട്ട പെൺകുട്ടിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവുള്ളതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. എന്നാൽ പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ പുതിയ കണ്ടെത്തലുകൾ കേസിലെ ഗൗരവം വർദ്ധിപ്പിക്കുകയാണ്.

വിവാഹസമയത്ത് പെൺകുട്ടിക്ക് വെറും 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്നാണ് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്. മധ്യപ്രദേശിലെ ആശുപത്രി രേഖകൾ പ്രകാരം 2009 ഡിസംബറിലാണ് പെൺകുട്ടി ജനിച്ചത്. വിവാഹത്തിനായി വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചതായും കമ്മീഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതോടെ പെൺകുട്ടിയുടെ ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.


കേസ് അന്വേഷിക്കുന്ന മധ്യപ്രദേശ് പൊലീസ് നിലവിൽ കൊച്ചിയിൽ തുടരുകയാണ്. പെൺകുട്ടിയെ കണ്ടെത്താനായി വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയെങ്കിലും ഇതുവരെ മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതി ഭർത്താവിനെതിരെ നിലവിലുള്ളതിനാൽ മധ്യപ്രദേശ് പൊലീസിന് കുട്ടിയെ കസ്റ്റഡിയിലെടുക്കാൻ നിയമതടസ്സമില്ല. എന്നാൽ അറസ്റ്റ് ചെയ്യരുതെന്ന കോടതി ഉത്തരവ് കൊച്ചി പൊലീസ് മധ്യപ്രദേശ് സംഘത്തെ അറിയിച്ചിട്ടുണ്ട്. തനിക്ക് സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി പരാതി നൽകിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.

നേരത്തെ തമ്പാനൂർ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ പ്രായപൂർത്തിയായെന്ന് തെളിയിക്കുന്ന ആധാർ കാർഡും ജനന സർട്ടിഫിക്കറ്റുമാണ് ഇവർ ഹാജരാക്കിയിരുന്നത്. ആധാർ പോർട്ടലിലെ പരിശോധനയിൽ രേഖകൾ ശരിയാണെന്ന് കണ്ടതിനാലാണ് പ്രായപൂർത്തിയായ പെൺകുട്ടിയെ അന്ന് സ്വന്തം ഇഷ്ടപ്രകാരം വിട്ടയച്ചത്. എന്നാൽ ഇത് വ്യാജമായി നിർമ്മിച്ചതാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വിഷയത്തിൽ അതീവ ഗൗരവത്തോടെ ഇടപെട്ട പട്ടികവർഗ്ഗ കമ്മീഷൻ കേരള, മധ്യപ്രദേശ് ഡിജിപിമാരോട് ഡൽഹിയിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്
Previous Post Next Post