
കൽപ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി വയനാട് ടൗൺഷിപ്പിൽ നിർമിച്ച വീടുകളിൽ വിള്ളൽ കണ്ടെത്തിയത് വലിയ ആശങ്കയ്ക്കിടയാക്കുന്നു. ആദ്യഘട്ടത്തിൽ കൈമാറാൻ നിശ്ചയിച്ചിട്ടുള്ള 178 വീടുകളിൽ രണ്ട് വീടുകളിലാണ് വിള്ളൽ ദൃശ്യമായത്. ഇതോടെ ഈ മാസവും ടൗൺഷിപ്പ് താമസയോഗ്യമാകില്ലെന്നാണ് ലഭിക്കുന്ന വിവരം.
നിർമാണം പൂർത്തിയാകുന്നതിന് മുൻപേ മേൽക്കൂരയിൽ വിള്ളൽ വീണതായും മഴ പെയ്തപ്പോൾ വെള്ളം ചോർന്നൊലിച്ചതായും ഗുണഭോക്താക്കൾ പരാതിപ്പെടുന്നു. ആദ്യഘട്ടത്തിൽ നൽകുന്ന 178 വീടുകളെങ്കിലും വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് ദുരന്തബാധിതരുടെ ആവശ്യം. എന്നാൽ നിർമാണം നീണ്ടുപോകുന്നത് ഇവരെ കടുത്ത നിരാശയിലാക്കുന്നു. ദുരന്തബാധിതർക്ക് നൽകി വന്നിരുന്ന പ്രതിദിന ബത്തയും ഭക്ഷ്യ കൂപ്പണും ഈ മാസം മുടങ്ങിയതും വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
“എനിക്ക് ലഭിച്ച വീടിന്റെ മേൽക്കൂരയിൽ വിള്ളലുണ്ട്. മഴ പെയ്തപ്പോൾ അകത്തേക്ക് വെള്ളം ഇറങ്ങി. ഗുണനിലവാരമില്ലാത്ത നിർമാണമാണ് നടക്കുന്നത്.”ചൂരൽമല സ്വദേശി നൗഫൽ പറഞ്ഞു. നിർമാണം വൈകുന്നതും വിള്ളലുകൾ കണ്ടെത്തിയതും ചർച്ച ചെയ്യാൻ വയനാട് ജില്ലാ കളക്ടർ അടിയന്തര യോഗം വിളിച്ചു. നിർമാണ ചുമതലയുള്ള ഊരാളുങ്കൽ സൊസൈറ്റി അധികൃതർ യോഗത്തിൽ പങ്കെടുക്കും. നിർമാണ പ്രവർത്തനങ്ങൾക്കായി മൂന്നാഴ്ച കൂടി സമയം നീട്ടി ചോദിക്കാനാണ് സൊസൈറ്റിയുടെ തീരുമാനം.
അടുത്ത മാസം 20-ഓടെ എല്ലാ പണികളും പൂർത്തിയാക്കുമെന്ന് അധികൃതർ ഉറപ്പുനൽകുന്നു. നിലവിൽ കണ്ടെത്തിയ ചോർച്ചയും വിള്ളലുകളും അറ്റകുറ്റപ്പണി നടത്തി പരിഹരിക്കുമെന്നും ഗുണനിലവാര പരിശോധന മൂലമാണ് കാലതാമസം ഉണ്ടാകുന്നതെന്നും അവർ വ്യക്തമാക്കി. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. മുടങ്ങിയ ദിനബത്തയും ഭക്ഷ്യ കൂപ്പണും സംബന്ധിച്ച പരാതികൾ അടിയന്തരമായി പരിശോധിക്കുമെന്ന് അദ്ദേഹം അറിയിച്ചു. മാർച്ച് ഒന്നിനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ്പിന്റെ ഒന്നാംഘട്ട ഉദ്ഘാടനവും പട്ടയവിതരണവും നിർവഹിച്ചത്.