കൊച്ചി: വയനാട് ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വീടുകളുടെ നിർമ്മാണം പൂർത്തിയാകുന്നതിന് മുൻപ് ഉദ്ഘാടനം നടത്തിയത് വെറും രാഷ്ട്രീയ കാപട്യമാണെന്ന് അദ്ദേഹം ആരോപിച്ചു. ശബരിമല സ്വർണ്ണക്കൊള്ള കേസ് അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പണി പൂർത്തിയാകാത്ത വീടുകൾ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ആഘോഷപൂർവ്വം ഉദ്ഘാടനം ചെയ്യുകയായിരുന്നു. പണി കഴിഞ്ഞിരുന്നെങ്കിൽ എന്തുകൊണ്ട് പിറ്റേന്ന് തന്നെ താക്കോൽ നൽകിയില്ലെന്ന് അദ്ദേഹം ചോദിച്ചു. ആയിരക്കണക്കിന് ബോർഡുകൾ വെച്ച് സർക്കാർ ഇത് ആഘോഷിച്ചു. വിള്ളൽ പരിശോധിക്കാൻ മന്ത്രി കെ. രാജൻ മേശപ്പുറത്ത് കയറി നിന്നതിനെ സതീശൻ പരിഹസിച്ചു. “വിള്ളലുണ്ടോ എന്ന് നോക്കേണ്ടത് മന്ത്രിയാണോ അതോ എൻജിനീയർമാരാണോ? മന്ത്രി നടത്തിയത് വെറും നാടകമാണ്.” നിർമ്മാണത്തിൽ ഗുരുതരമായ ക്രമക്കേടുകളാണ് നടന്നിട്ടുള്ളതെന്ന് അദ്ദേഹം ആക്ഷേപിച്ചു.


ശബരിമല സ്വർണ്ണക്കൊള്ള കേസ് അന്വേഷണം എങ്ങുമെത്തില്ലെന്ന് താൻ നേരത്തെ പറഞ്ഞതാണ്. പ്രാഥമിക കുറ്റപത്രം പോലും സമർപ്പിക്കാത്തതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള സമ്മർദ്ദമാണെന്നും വി.ഡി. സതീശൻ ആരോപിച്ചു. സർക്കാർ നടത്തിയ ‘ഏച്ചുകെട്ടിയ’ ഉദ്ഘാടനത്തിന് കാലം മറുപടി ചോദിക്കുമെന്നും നിർമ്മാണത്തിലെ അഴിമതിയും ക്രമക്കേടും ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു