കൊച്ചി: സംസ്ഥാനത്തെ പോസ്റ്റൽ വോട്ട് പ്രതിസന്ധിയിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാനുള്ള അവസരം നിഷേധിക്കപ്പെടുന്നത് നിർഭാഗ്യകരമാണെന്ന് ഹൈക്കോടതി അവധിക്കാല ബെഞ്ച് നിരീക്ഷിച്ചു.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഇരുപതിനായിരത്തോളം ജീവനക്കാർക്ക് വോട്ട് ചെയ്യാനായില്ല എന്നത് ഗൗരവതരമായ കാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. “നിങ്ങൾക്ക് വേണ്ടി സേവനം ചെയ്തവരാണ് ആ ഇരുപതിനായിരം പേർ. അവർക്ക് വോട്ട് ചെയ്യാൻ അവസരം നൽകേണ്ടത് കമ്മീഷന്റെ ചുമതലയല്ലേ?” എന്ന് കോടതി ചോദിച്ചു. വിഷയത്തിൽ കമ്മീഷൻ കാണിക്കുന്ന നിർബന്ധബുദ്ധി എന്തിനാണെന്നും കോടതി ആരാഞ്ഞു. എന്നാൽ വിഷയത്തിൽ സാധ്യമായതെല്ലാം ചെയ്തുവെന്നും ഇനി കൂടുതലായി ഒന്നും ചെയ്യാനില്ലെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചത്. കമ്മീഷന്റെ ഈ നിലപാടിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. എല്ലാ പൗരന്മാർക്കും വോട്ട് ചെയ്യാൻ അവസരം നൽകേണ്ടത് കമ്മീഷന്റെ ഉത്തരവാദിത്തമാണെന്നും പ്രതിസന്ധിയുണ്ടായാൽ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും കോടതി ഓർമ്മിപ്പിച്ചു.

കേരള എൻജിഒ യൂണിയൻ ഉൾപ്പെടെയുള്ള സർവീസ് സംഘടനകളും ഒരു കൂട്ടം പോളിംഗ് ഉദ്യോഗസ്ഥരും നൽകിയ ഹർജികളാണ് കോടതി പരിഗണിച്ചത്. വാദങ്ങൾ പൂർത്തിയാക്കിയ കോടതി, ഹർജികൾ വിധി പറയാനായി മാറ്റിയിരിക്കുകയാണ്. വോട്ടവകാശം ഉറപ്പാക്കാൻ കോടതി ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.