
കല്പറ്റ: വയനാട് പുനരധിവാസ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ വന്നെന്ന ആരോപണത്തിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ്. കോൺഗ്രസ് പ്രഖ്യാപിച്ച ഭവനപദ്ധതികൾ എവിടെയെത്തിയെന്ന് വ്യക്തമാക്കിയതിന് ശേഷം മതി സർക്കാരിനെതിരെയുള്ള വിമർശനങ്ങളെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. കോൺഗ്രസ് ഭവനപദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രഖ്യാപനങ്ങളുടെ ദിവസക്കണക്കുകൾ നിരത്തിയായിരുന്നു റഫീഖിന്റെ പ്രതികരണം.
വീട് നിർമ്മിക്കാനായി കോൺഗ്രസ് ജനങ്ങളിൽ നിന്ന് ഫണ്ട് ശേഖരിക്കാൻ തുടങ്ങിയിട്ട് ഇന്ന് 585 ദിവസം പിന്നിടുന്നു. 30 വീടുകൾ പ്രഖ്യാപിച്ച് കോടികൾ പിരിച്ചെടുത്ത യൂത്ത് കോൺഗ്രസിന്റെ പ്രഖ്യാപനത്തിന് ഇന്ന് 617 ദിവസമായി. സർക്കാരിന്റെ വീടിനൊപ്പം യൂത്ത് കോൺഗ്രസിന്റെ വീട് വരുമെന്ന് ഒ.ജെ. ജനീഷ് പ്രഖ്യാപിച്ചിട്ട് 180 ദിവസമായി. നിർമ്മാണം തുടങ്ങുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞ പത്തു ദിവസം കഴിഞ്ഞിട്ട് ഇന്ന് 44 ദിവസമായെന്നും റഫീഖ് ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് പോസ്റ്റ്…
ദുരന്ത ബാധിതർക്ക് വീട് നിർമ്മിച്ചു നൽകാൻ എന്ന് പറഞ്ഞ് കോൺഗ്രസ് പൊതുജനങ്ങളിൽ നിന്ന് പണം ശേഖരിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് 585 ദിവസം. (ഫണ്ട് ശേഖരണത്തിനായുള്ള “ആപ്പ്” ആരംഭിക്കുന്നത് 2024 സെപ്തംബർ 4 ന്) 30 വീട് പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ്സ് കോടികൾ പിരിച്ചെടുത്തിട്ട് ഇന്നേക്ക് 617 ദിവസം . (2024 ആഗസ്റ്റ് 2 നാണ് 30 വീട് യൂത്ത് കോൺഗ്രസ് പ്രഖ്യാപിക്കുന്നത്) ‘വയനാട്ടിൽ സർക്കാരിൻ്റെ വീട് വരുമ്പോ യൂത്ത് കോൺഗ്രസിൻ്റെ വീടും വരും’ എന്ന് യൂത്ത് കോൺഗ്രസ്സിൻ്റെ നിലവിലെ അദ്ധ്യക്ഷൻ ഒ.ജെ.ജനീഷ് പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് 180 ദിവസം (2025 oct 16)
(ഇന്നലെ ടൗൺഷിപ്പിലെത്തിയപ്പോൾ അവിടെ ഉയർന്ന വീട് കണ്ടപ്പോൾ തൻ്റെ പ്രസ്താവനയെയോർത്ത് സ്വയം അപഹാസ്യനായി ജെനീഷ്) കോൺഗ്രസ് 100 , യൂത്ത് കോൺഗ്രസ് 30 , രാഹുൽഗാന്ധി 100 എന്നിങ്ങനെ 230 വീട് പ്രഖ്യാപിച്ചവർ 100 വീട് എന്ന നിലയിലേക്ക് ചുരുക്കിപ്പറഞ്ഞും, നൂറ് പറഞ്ഞിട്ട് കേവലം 25 ൽ താഴെ വീടുകൾക്കുള്ള സ്ഥലം മാത്രം വാങ്ങി വീണ്ടും വീണ്ടും കബളിപ്പിച്ചതും കോൺഗ്രസ് ഫണ്ട് ശേഖരിച്ച് 531 ദിവസം കഴിഞ്ഞിട്ടും വീട് നിർമ്മാണം ആരംഭിക്കാത്തതിൽ വലിയ പ്രതിഷേധം ഉയർന്ന് വന്നപ്പോൾ രാഹുൽ ഗാന്ധിയെ കൊണ്ട് തറക്കല്ലിടൽ നടത്തിച്ചിട്ട് ഇന്നേക്ക് 54 ദിവസം (തറക്കല്ലിടൽ നടന്നത് 2026 ഫെബ്രുവരി 26) കോൺഗ്രസ് വീട് നിർമ്മാണം 10 ദിവസം കൊണ്ട് ആരംഭിക്കും എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞ ആ പത്ത് ദിവസം കഴിഞ്ഞിട്ട് ഇന്നേക്ക് 44 ദിവസം കോൺഗ്രസ് വീടുകളുടെ നിർമ്മാണം തുടങ്ങി എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിട്ട് ഇന്നേക്ക് 22 ദിവസം (2026 മാർച്ച് 28 നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവന) ഇന്നും ഒരു കല്ല് പോലും രാഹുൽ ഗാന്ധിയിട്ട ആ കല്ലിൻമേൽ ഉയർന്നിട്ടില്ല.