യു .കെ യിലെ നോർത്താംപ്ടനിൽ എത്തുന്നവർക്ക് വർണ്ണക്കാഴ്ച്ച ഒരുക്കി ഒരു കോട്ടയംകാരി ! ..യുകെയിലെ മലയാളി സമൂഹത്തിന് അഭിമാനമായി മാറിയ നമ്മുടെ നാട്ടുകാരിയായ കലാകാരിയെ അടുത്തറിയാം


നോർത്താംപ്ടൻ: യു .കെ യിലെ  നോർത്താംപ്ടനിൽ എത്തുന്നവർക്ക് തെരുവോരങ്ങളിലെ ടെലിഫോൺ കേബിൾ ബോക്സുകൾ ഇന്ന് വർണ്ണ വിസ്മയമായ കാഴ്ചയാണ് ഒരുക്കുന്നത്. ഏകദേശം മൂന്നടി ഉയരമുള്ള ആരും ശ്രദ്ധിക്കാതിരുന്ന ടെലിഫോൺ കേബിൾ ബോക്സുകൾ നിറച്ചിത്രങ്ങളായി മാറിയതോടെ നഗരത്തിലൂടെ കടന്നുപോകുന്നവർക്ക് അത് പുതിയൊരു കാഴ്ചാനുഭവമായി.

ചിത്രങ്ങൾക്ക് പിന്നിൽ കോട്ടയം ചങ്ങനാശേരിയിൽ നിന്നെത്തിയ യുവകലാകാരി ഹെൽന മെറിൻ ജോസഫാണ് എന്ന് കൂടി അറിയുമ്പോൾ യുകെയിലെ മലയാളി സമൂഹത്തിന് അഭിമാനം വാനോളം ഉയരുന്നു. ഇക്കഴിഞ്ഞ ജനുവരിയിലാണ് വെസ്റ്റ് നോർത്താംപ്‌ടൻഷെയർ കൗൺസിലിന്റെ ഒരു പരസ്യം ശ്രദ്ധയിൽപ്പെടുന്നതും പരസ്യപ്രകാരമുള്ള മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്‌ചവെച്ച് അംഗീകാരം നേടുന്നതും. മറ്റു മത്സരാർഥികൾ പൂർത്തിയാക്കാൻ ദിവസങ്ങൾ എടുത്ത ജോലികൾ ഹെൽന മണിക്കൂറുകൾക്കുള്ളിൽ പൂർത്തിയാക്കിയതും അധികൃതരെ അതിശയിപ്പിച്ചു. തുടർന്ന് ഈസ്റ്റർ സമയത്ത് കൗൺസിലിന്റെ നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമാവുകയായിരുന്നു.
വിവാഹശേഷം 2024 ജൂൺ 23ന് യുകെയിൽ എത്തിയ ആദ്യ സമയങ്ങളിൽ ഇഷ്‌ടമേഖലയിൽ ജോലി കണ്ടെത്താൻ പ്രയാസപ്പെട്ടുിലും ഇപ്പോൾ നിറഞ്ഞ സന്തോഷത്തോടെയാണ് കലാ മേഖലയിൽ ലഭ്യമായ ജോലികളുമായി സജീവമാകുന്നത്.

ചെറുപ്പം മുതൽ വരയും ചിത്രരചനയും ഇഷ്ടമായിരുന്ന ഹെൽന പിന്നീട് അത് തന്റെ രക്തത്തിൽ കലർന്ന പാരമ്പര്യമാണെന്ന് തിരിച്ചറിയുകയായിരുന്നു. മാതാപിതാക്കളായ വി. ജെ. ലാലിച്ചനും ഹണിയും ചിത്രകലാധ്യാപകർ ആയതിനാൽ കലാപരമായ അന്തരീക്ഷത്തിൽ വളർന്ന ഹെൽന മാവേലിക്കര രാജ രവിവർമ ഫൈൻ ആർട്സ് കോളജിൽ നിന്നും ബിഎഫ്എ ബിരുദവും തുടർന്ന് ഹൈദരാബാദ് സരോജിനി നായിഡു സ്കൂൾ ഓഫ് ആർട്‌സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ നിന്നും എംഎഫ്എ ബിരുദാനന്തര ബിരുദവും നേടി. രണ്ടിടത്തും ഒന്നാം റാങ്കോടെ കൂടിയാണ് പഠനം പൂർത്തിയാക്കിയത്. കുടുംബത്തിൽ തലമുറകളായി കലയും ശിൽപനിർമിതിയും ചെയ്തിരുന്നവരുടെ പാരമ്പര്യവും ഹെൽനയുടെ ആത്മവിശ്വാസം കൂട്ടി. ചമ്പക്കുളം പ്രദേശത്തെ പള്ളികളിലെ പൗരാണിക നിർമിതികളുമായി ഹെൽനയുടെ കുടുംബത്തിന് പങ്കുണ്ടായിരുന്നു.
പഠനകാലത്ത് തന്നെ നിരവധി പുരസ്കാരങ്ങൾ ഹെൽനയെ തേടിയെത്തി. 2016 ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഹെൽനയുടെ അഭിരുചികളെ അംഗീകരിച്ച് പാരിതോഷികം നൽകി. അതേ വർഷം തന്നെ രാജ രവിവർമ്മ കോളജിലെ മികച്ച വിദ്യാർഥിയായും തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 2018 ലും അതേ കോളജിലെ മികച്ച വിദ്യാർഥിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കേരള ലളിതകലാ അക്കാദാമിയുടെ പ്രത്യേക പരാമർശത്തോട് കൂടിയ പുരസ്കാരം 2017 ൽ ലഭിച്ച ഹെൽനയ്ക്ക് 2019 ൽ അക്കാദമിയുടെ തന്നെ കരുണാകാരൻ മെമ്മോറിയൽ സ്റ്റു‌ഡന്റ്സ് സ്കോളർഷിപ്പും
 ലഭിച്ചിരുന്നു. ഏറ്റവും ഒടുവിൽ കേരളത്തിൽ നിന്നും 2023 ൽ കേരള ലളിതകലാ അക്കാദമി പുരസ്‌കാരം 'ന്യൂ മീഡിയ' വിഭാഗത്തിൽ ലഭിച്ചതോടെ അംഗീകാരങ്ങളുടെ നിറവിൽ എത്തി ചേരുകയായിരുന്നു. യുകെയിലെത്തിയ ശേഷവും വിജയങ്ങൾ തുടർന്നു. ലണ്ടൻ ആർട്ട് ഫെയർ മത്സരത്തിൽ റണ്ണർ അപ്പ് പുരസ്കാരം നേടി

.നോർത്താംപ്ടണിലെ നേഷൻവൈഡ് ബാങ്ക് ഉദ്യോഗസ്ഥനായ ഷെൽവിൻ ജോസഫാണ് ഹെൽനയുടെ ഭർത്താവ്. 15 വർഷങ്ങൾക്ക് മുൻപ് നോർത്താംപ്ടണിൽ എത്തിയ ചങ്ങനാശ്ശേരിയിൽ നിന്നുള്ള മലയാളി കുടുംബത്തിലേക്ക് 2024 ജൂൺ 20 ന് നാട്ടിൽ വെച്ച് നടന്ന വിവാഹത്തോടെ 'മരുമകൾ' ആയി എത്തിയ ഹെൽന ഇന്ന് നഗരത്തിന്റെ നിറങ്ങൾ മാറ്റിമറിച്ച കലാകാരിയായി മാറിയിരിക്കുകയാണ്. നാട്ടിൽ വെച്ച് മാതാപിതാക്കളുടെയും സഹോദരൻ ഫ്രാൻസിസ് ജോസഫിന്റെയും പൂർണ്ണ പിന്തുണ ലഭിച്ചിരുന്ന ഹെൽനയ്ക്ക് അതേ പിന്തുണയാണ് യുകെയിലെ കുടുംബാംഗങ്ങളിൽ നിന്നും ലഭിക്കുന്നത് 

.
Previous Post Next Post